പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന്റെയല്ല, അനില്‍ അംബാനിയുടെ കാവല്‍ക്കാരനാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.കര്‍ണാടകത്തിലെ ഒരു പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.
“റഫാലില്‍ എന്റെ ചോദ്യങ്ങള്‍ക്കൊന്നും പ്രധാനമന്ത്രിക്ക് മറുപടിയില്ല. രാജ്യത്തിന്റെ കാവല്‍ക്കാരനെന്നാണ് മോദിയുടെ അവകാശവാദം. എന്നാല്‍ അദ്ദേഹം അനില്‍ അംബാനിയുടെ കാവല്‍ക്കാരനായി മാറി. അനില്‍ അംബാനിയുടെ 45,000 കോടി രൂപയുടെ കടബാധ്യത എഴുതിത്തള്ളിയ പ്രധാനമന്ത്രി 30,000 കോടി രൂപ റഫാല്‍ ഇടപാടിലൂടെ അനില്‍ അംബാനിക്ക് സമ്മാനിക്കുകയും ചെയ്തു” – രാഹുല്‍ ഗാന്ധി പറഞ്ഞു.
എച്ച്.എ.എല്ലിനെ തള്ളി അനില്‍ അംബാനിക്ക് കരാര്‍ നല്‍കിയത് എന്തടിസ്ഥാനത്തിലാണെന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു. എച്ച്.എ.എല്ലിന് അവസരം നിഷേധിച്ചതിലൂടെ സംസ്ഥാനത്തെ യുവാക്കള്‍ക്ക് ലഭിക്കുമായിരുന്ന തൊഴിലവസരം കൂടിയാണ് നഷ്ടമായത്” – രാഹുല്‍ തുടര്‍ന്നു.
രാജ്യത്തെ രണ്ട് വിഭാഗമാക്കി തിരിക്കാനുള്ള ശ്രമമാണ് ബി.ജെ.പി നടത്തുന്നത്. ഒരുഭാഗത്ത്അനില് അംബാനിയെയും മെഹുല്‍ ചോക്സിയെയും പോലെയുള്ളവരും മറുഭാഗത്ത് ദരിദ്ര കര്‍ഷകരും തൊഴിലാളികളും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരും. ‘അഛേ ദിന് ആയേംഗേ’ എന്ന മുദ്രാവാക്യം മാറി ‘കാവല്ക്കാരന് കള്ളനാണ്’ എന്നായി മാറിയെന്നും അദ്ദേഹം പരിഹസിച്ചു. കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത് എല്ലാവരെയും തുല്യരായി കാണുന്ന, തുല്യനീതി ഉറപ്പാക്കുന്ന ഇന്ത്യയാണ്. ഭിന്നിപ്പിച്ച് ഭരിക്കുക എന്നത് ഞങ്ങളുടെ മുദ്രാവാക്യമല്ലെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
റഫാലില്‍ അന്വേഷണം തുടങ്ങാനാരിക്കെയാണ് സി.ബി.ഐ ഡയറക്ടറെ പ്രധാനമന്ത്രി ഇടപെട്ട് അര്‍ധരാത്രിയില്‍ മാറ്റിയത്. സുപ്രീം കോടതി വിധിയോടെ അദ്ദേഹം തിരിച്ചെത്തിയിട്ടും വീണ്ടും പ്രധാനമന്ത്രി ഇടപെട്ട് അദ്ദേഹത്തെ നീക്കുകയായിരുന്നു. റഫാലില്‍ മോദിയുടെ പരിഭ്രമം എന്തുകൊണ്ടാണെന്ന് എല്ലാവര്ക്കും മനസിലായിട്ടുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
കോണ്‍ഗ്രസ് ഒരു പുതിയ ചരിത്ര പദ്ധതി കൂടി നടപ്പിലാക്കാനൊരുങ്ങുകയാണ്. എല്ലാവര്ക്കും മിനിമം വേതനം ഉറപ്പാക്കുന്ന പദ്ധതിയാണിത്. നരേന്ദ്ര മോദി അനില്‍ അംബാനിക്ക് 30,000 കോടി നല്കുമ്പോള്, കോണ്‍ഗ്രസ് പാവങ്ങള്‍ക്ക് മിനിമം വേതനം നല്‍കാനുള്ള പദ്ധതിയാണ് ആവിഷ്കരിക്കുന്നത്. മൂന്ന് സംസ്ഥാനങ്ങളിലെ കാര്‍ഷികകടങ്ങള്‍ എഴുതിത്തള്ളിയ കോണ്‍ഗ്രസിനെ വിമര്‍ശിക്കാന്‍ പ്രധാനമന്ത്രിക്ക് എന്ത് അര്‍ഹതയാണുള്ളതെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു.
കോണ്‍ഗ്രസ് കേന്ദ്രത്തില്‍ അധികാരത്തിലെത്തിയാല്‍ വനിതാസംവരണ ബില്‍ പാസാക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ വ്യക്തമാക്കി. നോട്ട് നിരോധനവും അപരിഷ്കൃതമായ ജി.എസ്.ടി നടപ്പാക്കലും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ താറുമാറാക്കി. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ജി.എസ്.ടി കുറ്റമറ്റ രീതിയില്‍ നടപ്പിലാക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.