ഒരു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ എത്തും. കൊച്ചി എണ്ണ ശുദ്ധീകരണ ശാലയിൽ പുതിയ പദ്ധതികൾ ഉദ്ഘാടനം ചെയ്യുന്ന അദ്ദേഹം വൈകീട്ട് തൃശൂരിൽ യുവമോർച്ച സമ്മേളനത്തിലും പങ്കെടുക്കും.
ഉച്ചക്ക് 1.55 ന് കൊച്ചി നാവികസേന വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി ഹെലികോപ്റ്ററിൽ രാജഗിരി കോളേജ് മൈതതാനത്തിറങ്ങും. അവിടെ നിന്ന് റോഡ് മാർഗം റിഫൈനറിയിൽ എത്തുന്ന അദ്ദേഹം ആദ്യം മെയിൻ കൺട്രോൾ കൺസോൾ സന്ദർശിക്കും. 2.35 ന് റിഫൈനറിക്ക് സമീപം തയ്യാറാക്കിയ പ്രധാന വേദിയിൽ ബിപിസിഎല്ലിന്റെ സംയോജിത വികസന പദ്ധതി നാടിന് സമർപ്പിക്കും.
പുതിയ പെട്രോ കെമിക്കൽ കോംപ്ലക്സിന്റെയും ഏറ്റുമാനൂർ സ്കിൽ ഡെവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിന്റെയും ശിലാസ്ഥാപനമാണ് മറ്റൊരു ചടങ്ങ്. എൽപിജി ബോട്ടിലിംഗ് പ്ലാന്റിന്റെ സ്റ്റോറേജ് ഫെസിലിറ്റി ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും. ഗവർണർ, മുഖ്യമന്ത്രി, മന്ത്രിമാർ, എംഎൽഎമാർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും. റിഫൈനറിയിലെ ചടങ്ങിന് ശേഷം ഹെലികോപ്റ്ററിൽ തൃശൂരിലേക്ക് തിരിക്കും. 4.15 ന് തേക്കിൻകാട് മൈതതാനിയിൽ യുവമോർച്ച സമ്മേളനത്തിൽ നരേന്ദ്ര മോദി സംസാരിക്കും. തിരികെ വൈകീട്ട് 5.45 ന് കൊച്ചി നാവികസേന വിമാനത്താവളത്തിൽ നിന്നും പ്രത്യേക വിമാനത്തിൽ ഡൽഹിക്ക് മടങ്ങും.