പി.എം കെയർ ഫൗണ്ടേഷൻ ചൈനയിൽ നിന്ന് 10,000 കോടി കൈപ്പറ്റി; പ്രധാനമന്ത്രിക്കും കേന്ദ്രസർക്കാരിനുമെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ്

Jaihind News Bureau
Sunday, June 28, 2020

ന്യൂഡല്‍ഹി: പി.എം കെയർ ഫൗണ്ടേഷൻ ചൈനയിൽ നിന്ന് പതിനായിരം കോടി കൈപ്പറ്റിയെന്ന് കോണ്‍ഗ്രസ് വക്താവ് അഭിഷേക് മനു സിംഗ്‌വി. പ്രധാനമന്ത്രിയെ സംബന്ധിച്ച് ചൈനീസ് കടന്നുകയറ്റം ഗൗരവമുള്ള കാര്യമല്ല. ഇത്ര സംഘർഷം അതിർത്തിയിൽ ഉണ്ടായിട്ടും ചൈനയുടെ പേര് പറയാന്‍ പോലും പ്രധാനമന്ത്രിക്ക് വിമുഖതയാണ് എന്നും അഭിഷേക് മനു സിംഗ്‌വി കുറ്റപ്പെടുത്തി.

പ്രധാനമന്ത്രിക്കും കേന്ദ്രസർക്കാരിനുമെതിരെ ഗുരുതര ആരോപണങ്ങളാണ് കോൺഗ്രസ് വക്താവ് മനു അഭിഷേക് സിംഗ്‌വി നടത്തിയത്. പി.എം കെയർ ഫൗണ്ടേഷൻ ചൈനയിൽ നിന്ന് 10,000 കോടി കൈപ്പറ്റി. ചൈനീസ് കമ്പനികളിൽ നിന്നാണ് ഈ തുക കൈപ്പറ്റിയത്. ഇത്തരത്തിൽ 10,000 കോടി കൈപ്പറ്റിയ ബി.ജെ.പിയാണ് രാജീവ് ഗാന്ധി ഫൗണ്ടേഷൻ 20 ലക്ഷം സംഭാവനയായി സ്വീകരിച്ചതിനെ കുറ്റപ്പെടുത്തുന്നത്.

കേന്ദ്രസർക്കാരിന്‍റെയും പ്രധാനമന്ത്രിയുടെയും നിലപാട് വ്യക്തമാണ്. അതിർത്തിയിലെ ചൈനീസ് കടന്നുകയറ്റം പ്രധാനമന്ത്രിക്ക് ഒരു വിഷയം അല്ലെന്ന് അഭിഷേക് മനു സിംഗ്‌വി പറഞ്ഞു. ഇത്ര സംഘർഷം അതിർത്തിയിൽ ഉണ്ടായിട്ടുപോലും ചൈനയുടെ പേര് പറയാൻ പോലും പ്രധാനമന്ത്രി തയാറായിട്ടില്ലെന്നും കോൺഗ്രസ് വക്താവ് കുറ്റപ്പെടുത്തി. ചൈനയുമായി ഏറ്റവുമധികം സൗഹൃദം ഉണ്ടാക്കിയതും ബന്ധം നിലനിർത്തിയതും ബി.ജെ.പിയാണെന്നും അഭിഷേക് മനു സിംഗ്‌വി പറഞ്ഞു.