‘മോദി തീവ്രവാദിയെപ്പോലെ; ബി.ജെ.പി ഭരണത്തില്‍ ജനങ്ങള്‍ ഭയപ്പെടുന്നു’ – വിജയശാന്തി

Jaihind Webdesk
Sunday, March 10, 2019

Vijaya-Shanthi

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ എം.പിയും കോണ്‍ഗ്രസ് നേതാവുമായ നടി വിജയശാന്തി. ജനങ്ങളെ ഭയപ്പെടുത്തുന്ന സ്വേച്ഛാധിപതിയാണ് മോദിയെന്നും തീവ്രവാദിയെപ്പോലെയാണ് മോദിയുടെ പെരുമാറ്റമെന്നും വിജയശാന്തി കുറ്റപ്പെടുത്തി.

“മോദിയെ ജനങ്ങള്‍ ഭയപ്പെടുകയാണ്. സ്വേച്ഛാധിപതിയെപ്പോലെയാണ് മോദിയുടെ  ഭരണം. അടുത്തതായി എന്ത് ബോംബാണ് മോദി പൊട്ടിക്കുക എന്ന ഭയത്തിലാണ് ജനങ്ങള്‍. തീവ്രവാദിയെപ്പോലെയാണ് മോദിയുടെ പെരുമാറ്റം” – വിജയശാന്തി പറഞ്ഞു.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തിലായിരുന്നു വിജയശാന്തിയുടെ പരാമര്‍ശം. തെലങ്കാനയിലെ ഷംഷബാദില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ വേദിയിലായിരുന്നു വിജയശാന്തി മോദിക്കെതിരെ ആഞ്ഞടിച്ചത്.

ജനാധിപത്യത്തെ സംരക്ഷിക്കാന്‍ വേണ്ടിയാണ് രാഹുല്‍ ഗാന്ധി പോരാടുന്നത്. എന്നാല്‍ മോദിയാകട്ടെ ജനാധിപത്യത്തെ കശാപ്പ് ചെയ്ത് ജനങ്ങളെ സംഭീതരാക്കുകയാണ് ചെയ്യുന്നത്. ഇനിയും ഭരണത്തിലെത്താന്‍ മോദിയെ ജനങ്ങള്‍ അനുവദിക്കില്ലെന്നും വിജയശാന്തി കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ ജനങ്ങള്‍ ബി.ജെ.പി ഭരണത്തില്‍ ഭയപ്പെട്ടിരിക്കുകയാണ്. ജനങ്ങളെ ആശ്വസിപ്പിക്കേണ്ട പ്രധാനമന്ത്രി അവരെ ഭയപ്പെടുത്തുകയാണ് ചെയ്യുന്നത്. ഇത് ഒരു പ്രധാനമന്ത്രിക്ക് ചേര്‍ന്നതല്ലെന്നും വിജയശാന്തി കുറ്റപ്പെടുത്തി. നോട്ട് നിരോധനം മുതല്‍ പുല്‍വാമ ഭീകരാക്രമണം വരെയുള്ള സംഭവങ്ങളില്‍ ജനങ്ങളെ പരിഭ്രാന്തരാക്കുന്ന നിലപാടാണ് പ്രധാനമന്ത്രി സ്വീകരിച്ചതെന്ന് കാണാനാകും. ഒരു തീവ്രവാദിയെപ്പോലെയാണ് പ്രധാനമന്ത്രി. ഇതെല്ലാം മനസിലാക്കി വേണം ജനങ്ങള്‍ തെരഞ്ഞെടുപ്പില്‍ സമ്മതിദാനാവകാശം രേഖപ്പെടുത്താനെന്നും വിജയശാന്തി ഓര്‍മപ്പെടുത്തി.[yop_poll id=2]