പ്ലസ്ടു തുല്യത പരീക്ഷയില്‍ ന്യൂനപക്ഷങ്ങളെ  അപമാനിക്കുന്ന ചോദ്യം ; ഹയർ സെക്കന്‍ഡറി ബോർഡ് തയ്യാറാക്കിയ ചോദ്യമെന്ന് സാക്ഷരത മിഷന്‍

Jaihind Webdesk
Saturday, September 4, 2021

തിരുവനന്തപുരം : ന്യൂനപക്ഷങ്ങൾ ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കും ഭീഷണിയാണോ എന്ന സാക്ഷരതാ മിഷന്‍റെ പ്ലസ്ടു തുല്യത പരീക്ഷയിലെ ചോദ്യം വിവാദമായി. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ചോദ്യം ന്യൂനപക്ഷങ്ങളെ അപമാനിക്കുന്നതാണെന്നാണ് ഉയരുന്ന വാദം. ന്യൂനപക്ഷങ്ങൾ ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതക്കും ഒരു ഭീഷണിയാണോ? വിശദീകരിക്കുക’. സാക്ഷരത മിഷന്‍റെ പ്ലസ്ടു തുല്യത കോഴ്‌സിന് ഹയർസെക്കൻഡറി പരീക്ഷാബോർഡ് തയാറാക്കിയ സോഷ്യോളജി ചോദ്യ പേപ്പറിലാണ് ഈ ചോദ്യം ഉണ്ടായിരുന്നത്.

കഴിഞ്ഞ മാസം ഒമ്പതിന് നടന്ന പരീക്ഷയിലാണ് വിവാദം. തുല്യത കോഴ്‌സ് നടത്തുന്നത് സംസ്ഥാന സാക്ഷരത മിഷനാണെങ്കിലും പരീക്ഷ നടത്തുന്നതും സർട്ടിഫിക്കറ്റ് നൽകുന്നതും പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഹയർസെക്കൻഡറി പരീക്ഷ ബോർഡ് തന്നെയാണ്. സാക്ഷരത മിഷൻ നൽകുന്ന ഹയർ സെക്കൻഡറി അദ്ധ്യാപകരുടെ പാനലിൽ നിന്ന് ഹയർ സെക്കൻഡറി പരീക്ഷ വിഭാഗം ചോദ്യപേപ്പർ സ്വീകരിച്ചാണ് പരീക്ഷ നടത്തുന്നത്. എട്ട് മാർക്കിന് രണ്ട് പുറത്തിൽ ഉത്തരമെഴുതാനാണ് ന്യൂനപക്ഷ ഭീഷണി സംബന്ധിച്ച ചോദ്യം ചോദിച്ചത്.