‘അരലക്ഷത്തോളം കുട്ടികൾ പ്രതിസന്ധിയില്‍’; പ്ലസ് വൺ സീറ്റ് പ്രതിസന്ധി സഭയിൽ ഉന്നയിച്ച് പ്രതിപക്ഷം

 

തിരുവനന്തപുരം: മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി സഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നൽകി. എൻ. ഷംസുദ്ദീൻ എംഎല്‍എ ആണ് നോട്ടീസ് നൽകിയത്. അരലക്ഷത്തോളം കുട്ടികൾ പ്രതിസന്ധിയിലെന്ന് പ്രതിപക്ഷം ചൂണ്ടിക്കാണിച്ചു. പ്ലസ് വണ്‍ സീറ്റ് വിഷയത്തില്‍ ഭരണ പ്രതിപക്ഷ പ്രതിഷേധം സഭയിൽ ആഞ്ഞടിക്കുകയാണ്.

അടിയന്തര പ്രമേയത്തില്‍ നിയമസഭയിൽ ചൂടേറിയ ചർച്ച നടക്കുകയാണ്. മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്, വയനാട് ജില്ലകളിൽ സീറ്റുകളിൽ കുറവുണ്ട്. അരലക്ഷത്തോളം കുട്ടികൾ പ്രതിസന്ധിയിലാണെന്നും ഇത് ക്രൂരമായ വിവേചനമാണെന്നും എന്‍. ഷംസുദ്ദീന്‍ സഭയില്‍ പറഞ്ഞു. 150 അഡീഷണൽ ബാച്ച് വേണമെന്ന റിപ്പോർട്ട് സർക്കാർ പൂഴ്ത്തിവെച്ചന്ന് പ്രതിപക്ഷം ആരോപിച്ചു. കഴിഞ്ഞ എട്ടുവർഷമായി  ഇടതു സർക്കാർ ഒരു പുതിയ ബാച്ച് പോലും അനുവദിച്ചിട്ടില്ല. അതേസമയം ഉമ്മൻചാണ്ടി സർക്കാർ 1200 ബാച്ചുകൾ അനുവദിച്ച് ഒരു ലക്ഷത്തോളം വിദ്യാർത്ഥികൾക്ക് അധികമായി പഠനസൗകര്യം ഒരുക്കിയിരുന്നു.  എട്ടുവർഷംകൊണ്ട് 900 ബാർ അനുവദിച്ച സർക്കാർ വിദ്യാർത്ഥികൾക്ക് പഠിക്കാൻ സൗകര്യമൊരുക്കുന്നില്ലെന്ന്പ്രതിപക്ഷം സഭയില്‍ ആരോപിച്ചു.  സർക്കാർ കോടികളുടെ ധൂർത്ത് നടത്തുമ്പോൾ കുട്ടികൾക്ക് പഠനസൗകര്യം ഒരുക്കുന്നില്ല.

സീറ്റ് പ്രതിസന്ധി ഏറ്റവും രൂക്ഷം മലപ്പുറത്താണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാണിച്ചു.  22405 സീറ്റാണ് മലപ്പുറത്ത് കുറവുള്ളത്.
താൽക്കാലിക ബാച്ചുകൾ നൽകുന്നതല്ല പരിഹാരമാർഗമെന്നും പ്രതിസന്ധിയില്‍ ശാശ്വത പരിഹാരത്തിന് കൃത്യമായി ബാച്ചുകൾ നൽകണമെന്നും വ്യക്തമാക്കി.

Comments (0)
Add Comment