പ്ലസ് വൺ സീറ്റ് പ്രതിസന്ധി; നിയമസഭയിൽ ഉന്നയിക്കാന്‍ പ്രതിപക്ഷം

 

തിരുവനന്തപുരം: പ്ലസ് വൺ സീറ്റ് പ്രതിസന്ധി ഇന്ന് പ്രതിപക്ഷം നിയമസഭയിൽ ഉന്നയിക്കും. മലബാർ മേഖലയിൽ അടക്കം പ്ലസ് വണ്ണിന് മതിയായ സീറ്റുകളില്ലെന്ന പരാതി അടിയന്തര പ്രമേയമായി പ്രതിപക്ഷം സഭയിൽ കൊണ്ടുവരും. തദ്ദേശസ്വയംഭരണ വാർഡ് വിഭജന ബിൽ സബ്ജക്ട് കമ്മിറ്റിക്ക് അയക്കാതെ പാസാക്കിയതിനെതിരെയും പ്രതിപക്ഷം പ്രതിഷേധിക്കും.  ഈ നടപടി അംഗീകരിക്കുവാൻ ആകില്ല എന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ കഴിഞ്ഞദിവസം സ്പീക്കർക്ക് കത്ത് നൽകിയിരുന്നു. ബാർകോഴയിലെ പ്രതിപക്ഷ പ്രതിഷേധം സഭയിൽ തുടരുന്നതിനിടയിലാണ് ചർച്ചകൾ നടത്താതെയും സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിടാതെയും കേരള പഞ്ചായത്ത് രാജ്, മുന്‍സിപ്പാലിറ്റി ഭേദഗതി ബില്ലുകള്‍ സർക്കാർ പാസാക്കിയത്. ബാർകോഴയിലെ പ്രതിഷേധം ഇന്നും സഭയ്ക്ക് അകത്തും പുറത്തും തുടരും. ബാർകോഴയിൽ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ഇന്ന് നിയമസഭയിലേക്ക് മാർച്ച് നടത്തും.

Comments (0)
Add Comment