തിരുവനന്തപുരം: പ്ലസ് വണ്‍ അപേക്ഷ സമർപ്പണം ശനിയാഴ്ച വൈകിട്ട് പൂർത്തിയായപ്പോൾ സംസ്ഥാനത്താകെ 4,65,960 അപേക്ഷകരാണുള്ളത്. കഴിഞ്ഞ വർഷത്തെക്കാൾ 6630 അപേക്ഷകർ കൂടുതൽ. വർധിച്ച അപേക്ഷകരിൽ 5509 പേരും പാലക്കാട് മുതൽ കാസറഗോഡ് വരെയുള്ള മലബാറിലെ ജില്ലകളിൽ നിന്നാണ്. 29ന് ട്രയല്‍ അലോട്ട്മെന്റും ജൂണ്‍ അഞ്ചിന് ആദ്യ അലോട്ട്മെന്റും നടത്തും.
അപേക്ഷകർ വർധിച്ചതോടെ മലബാറിൽ ഇത്തവണയും സീറ്റ് ക്ഷാമം വർധിക്കുമെന്നുറപ്പായി. ഏറ്റവും കൂടുതൽ അപേക്ഷകരുള്ളതും- അപേക്ഷകരുടെ വർധനയും മലപ്പുറം ജില്ലയിലാണ്. ജില്ലയിൽ 82,434 അപേക്ഷകരാണുള്ളത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 1512 അപേക്ഷകർ വർധിച്ചു. എന്നാൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് അപേക്ഷകർ കുറഞ്ഞു.
സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ മുഴുവൻ സീറ്റും പരിഗണിച്ചാൽപോലും മലബാറിൽ 40,000ത്തിലധികം സീറ്റിന്റെ കുറവുണ്ടെന്ന് സർക്കാർ തന്നെ സമ്മതിച്ചിട്ടുണ്ട്. ഈ വർഷം അപേക്ഷകർ കൂടിയതോടെ സീറ്റിന്റെ കുറവ് 45,000ത്തിൽ അധികമായി മാറും. പത്ത് ശതമാനം സീറ്റ് വർധിപ്പിക്കാൻ സർക്കാർ തീരുമാനമെടുത്തത് കൂടി പ്രാബല്യത്തിൽ വന്നാൽ നേരിയ സീറ്റ് വർധന ഉണ്ടായേക്കും. ഇതോടെ ക്ലാസുകളിൽ 65 കുട്ടികൾ പഠിക്കേണ്ട സാഹചര്യവുമാകും. അപേക്ഷകർ വർധിച്ചിട്ടും അധിക ബാച്ച് അനുവദിക്കുന്നതിൽ ഇപ്പോഴും സർക്കാർ നിഷേധാത്മക നിലപാടിലാണ്.
എന്നാൽ മലപ്പുറത്ത് പ്ലസ് വൺ സീറ്റ് പ്രതിസന്ധിയുണ്ടെന്ന് കഴിഞ്ഞ ദിവസം പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി സമ്മതിച്ചിരുന്നു. പക്ഷെ ഒരു വിദ്യാർത്ഥിയോ ഒരു രക്ഷിതാവോ ഇതുവരെ സീറ്റില്ലെന്ന പരാതി ഉയർത്തിയിട്ടില്ലെന്നാണ് സർക്കാർ ഹൈക്കോടതിയിൽ സത്യവാങ് മൂലം നൽകിയിട്ടുളളത്. എന്നാൽ സർക്കാർ വാദം ഹൈകോടതി തളളിയിരുന്നു. പ്ലസ് വണ്‍ സീറ്റു തേടി സ്കൂളുകള്‍ കയറിയിറങ്ങുന്ന വിദ്യാർത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും സർക്കാരിന് പരാതി നല്കാന് സമയമുണ്ടാകില്ലെന്ന് പറഞ്ഞായിരുന്നു ഈ വാദം ഹൈക്കോടതി തള്ളിയത്. സീറ്റ് വർധന ആവശ്യപ്പെട്ട് ബുധനാഴ്ച മുസ്ലിം ലീഗ് സമരം പ്രഖ്യാപിച്ചിട്ടുണ്ട്.