‘ഞാന്‍ ഇന്ത്യക്കെതിരെ എന്തെങ്കിലും ചെയ്തിട്ടുണ്ടോ?’ ; മകളെ തിരിച്ചെത്തിക്കണമെന്ന് നിമിഷ ഫാത്തിമയുടെ അമ്മ

Jaihind Webdesk
Saturday, June 12, 2021

ISIS

തിരുവനന്തപുരം : ഐ.എസ്. ഭീകരരുടെ വിധവകളും നിലവില്‍ അഫ്ഗാനിസ്താന്‍ ജയിലില്‍ കഴിയുകയും ചെയ്യുന്ന ഇന്ത്യന്‍ വനിതകളെ മടക്കിക്കൊണ്ടുവന്നേക്കില്ലെന്ന കേന്ദ്രനിലപാടിനോട് വൈകാരികമായി പ്രതികരിച്ച് നിമിഷ ഫാത്തിമയുടെ അമ്മ ബിന്ദു. നിമിഷ ഫാത്തിമ ഉള്‍പ്പെടെയുള്ള നാലുപേരുടെ കാര്യത്തിലാണ് കേന്ദ്രം ഇത്തരത്തിലൊരു തീരുമാനം കൈക്കൊണ്ടതായി വാര്‍ത്തകള്‍ പുറത്തെത്തിയിരിക്കുന്നത്.

ജയിലില്‍ കഴിയുന്നവരെ ഡീപോര്‍ട്ട് ചെയ്യാമെന്ന് അഫ്ഗാന്‍ സര്‍ക്കാര്‍ അറിയിച്ചിട്ടും ഇന്ത്യന്‍ സര്‍ക്കാര്‍ അതിന് മറുപടി നല്‍കിയില്ലെന്ന വാർത്തയോട്  വൈകാരികമായാണ് ബിന്ദു പ്രതികരിച്ചത്.

ഞാന്‍ ഈ ഇന്ത്യക്കുള്ളിലാണ് ജീവിക്കുന്നത്. ഞാന്‍ ഇന്ത്യക്കെതിരെ എന്തെങ്കിലും ചെയ്തിട്ടുണ്ടോ? എന്‍റെ മകള്‍ പോലും ഇന്ത്യ വിട്ട് പോകുന്നതിന് മുന്‍പ് അന്നിരുന്ന കേരള സര്‍ക്കാരിനെയും അന്നിരുന്ന പോലീസ് ഉദ്യോഗസ്ഥരെയും അറിയിച്ചതല്ലേ?. എന്നിട്ട് അവര്‍ എന്തുകൊണ്ട് അത് തടഞ്ഞില്ല? എന്നിട്ട് എല്ലാം കഴിഞ്ഞിട്ട് കൈയിലെത്തിയിട്ട് എന്‍റെ മോളെ എന്തിനാണ് ഇങ്ങനെ കൊല്ലന്‍ വിടുന്നത്? ഐ.എസിലേക്ക് പോകാന്‍ പ്രേരിപ്പിച്ചവര്‍ ഇന്ത്യയില്‍ ഇപ്പോഴും താമസിക്കുന്നില്ലേയെന്നും അവര്‍ ആരാഞ്ഞു. തന്റെ മകളും പേരക്കുട്ടിയും അടക്കമുള്ളവര്‍ സെപ്റ്റംബര്‍ 11- കഴിഞ്ഞാല്‍ ബോംബ് ഭീഷണിയുടെ നടുവിലാണെന്നും അവര്‍ പറഞ്ഞു.

മകള്‍ ജയിലില്‍ ആണെന്ന് അറിഞ്ഞിട്ട് ഒന്നര വര്‍ഷമായി. ഡല്‍ഹിയിലെ പല വഴികളിലൂടെ ശ്രമിച്ചു. ആരും പ്രതികരിച്ചില്ല. അമിത് ഷായ്ക്കും വിദേശകാര്യമന്ത്രാലയത്തിനുമെല്ലാം മെയില്‍ അയച്ചിരുന്നു. പക്ഷെ ആരും മറുപടി തന്നില്ല. യുവതികളെ തിരിച്ചുകൊണ്ടുവരുന്ന വിഷയത്തില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ മറുപടി പറയാത്തത് ഇന്ത്യക്കാരി എന്ന നിലയിൽ തന്നെ ഞെട്ടിച്ചെന്നും ബിന്ദു പറഞ്ഞു.