അനിൽ അംബാനി രാജ്യം വിടാതിരിക്കാൻ സുപ്രീം കോടതിയിൽ ഹർജി

Jaihind Webdesk
Wednesday, October 3, 2018

റിലയൻസ് കമ്മ്യൂണിക്കേഷൻ മേധാവി അനിൽ അംബാനി ഇന്ത്യ വിടുന്നത് തടയണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. ഇതുസംബന്ധിച്ച് സ്വീഡിഷ് ഫോൺ നിർമ്മാണ കമ്പനിയായ എറിക്‌സണാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. ഇരുസ്ഥാപനങ്ങളും ചേർന്ന് നടത്തിയ ബിസിനസിൽ 1600 കോടി രൂപ അനിൽ അംബാനി ഗ്രൂപ്പ് നൽകണമെന്നായിരുന്നു എറിക്‌സന്‍റെ ആവശ്യം. നിലവിൽ 45,000 കോടി നഷ്ടത്തിൽ മുന്നോട്ടു പോകുകയാണ് ഇപ്പോൾ അനിൽ അംബാനി ഗ്രൂപ്പിന് ഇത് താങ്ങാനാകുമായിരുന്നില്ല. തുടർന്ന് കോടതിയുടെ ഇടപെടലിൽ നടന്ന ഒത്തുതീർപ്പിന്‍റെ ഫലമായി ഇത് 550 കോടി രൂപയായി കുറയ്ക്കുകയായിരുന്നു. ഇപ്പോൾ അതും നൽകാതെ മുങ്ങാനുള്ള അംബാനിയുടെ നീക്കത്തിന് തടയിടാനാണ് കമ്പനി സുപ്രീംകോടതിയുടെ സഹായം തേടുന്നത്.

കഴിഞ്ഞ സെപ്റ്റംബർ 30നു മുമ്പ് തുക നൽകാമെന്നായിരുന്നു അംബാനി ഗ്രൂപ്പ് മധ്യസ്ഥതയിൽ ഉറപ്പു നൽകിയത്. എന്നാൽ ആ തുക ഇതുവരെ ലഭിച്ചിട്ടില്ലെന്നും അതിനാലാണ് വീണ്ടും കോടതിയെ സമീപിക്കുന്നതെന്നുമാണ് എറിക്‌സൺ കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ആരോപിക്കുന്നത്. അനിൽ അംബാനി നാടുവിടുന്നത് തടഞ്ഞുകൊണ്ട് കമ്പനിയ്‌ക്കെതിരെ കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കണമെന്നും ഹർജിയിൽ പറയുന്നു. അനിൽ അംബാനിക്കു പുറമേ രണ്ട് മുതിർന്ന എക്‌സിക്യുട്ടീവുകൾക്കെതിരെയും എറിക്‌സൺ കേസ് നൽകിയിട്ടുണ്ട്.

റഫേൽ ഇടപാടിൽ അനിൽ അംബാനിക്ക് ലാഭമുണ്ടാക്കുന്ന തരത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കരാറിൽ മാറ്റം വരുത്തിയെന്ന ആരോപണങ്ങൾക്കിടയിലാണ് സ്വീഡീഷ് കമ്പനിയായ എറിക്‌സൺ ഹർജി സമർപ്പിച്ചതെന്നും ശ്രദ്ധേയമാണ്. റാഫേൽ ഇടപാടിൽ അനിൽ അംബാനിക്ക് 30,000 കോടി രൂപ വഴിവിട്ട് നൽകിയെന്ന ആരോപണമാണ് പ്രതിപക്ഷ കക്ഷികളും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും മുന്നോട്ടുവെച്ചിട്ടുള്ളത്. ഇതിന് മറുപടി നൽകാൻ ഇതേവരെ പ്രധാനമന്ത്രിയോ സർക്കാരോ തയ്യാറായിട്ടില്ല. ഇതിനു പുറമേ വ്യവസായ പ്രമുഖനായ വിജയ് മല്യയടക്കം നിരവധി പേർ ബാങ്ക് തട്ടിപ്പ് നടത്തി രാജ്യം വിട്ടിരുന്നു. ഏറ്റവും ഒടുവിൽ ഗുജറാത്ത് വ്യവസായി നിതിൻ സന്ദേശരയാണ് ഇത്തരത്തിൽ നൈജിരിയയിലേക്ക് കടന്നത്.