മുസ്ലിം പള്ളികളില്‍ സ്ത്രീകളെ പ്രാര്‍ത്ഥിക്കാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് ഹര്‍ജി

മുസ്ലീം പള്ളികളിൽ സ്ത്രീകൾ കയറുന്നതിൽ നിന്ന് ആരാണ് തടയുന്നതെന്ന് സുപ്രീം കോടതി. സ്ത്രീകൾ പള്ളികളിൽ കയറാൻ ശ്രമിച്ചിട്ടുണ്ടോയെന്ന് ചോദിച്ച സുപ്രീം കോടതി കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ചു. ശബരിമല വിധിയുള്ളത് കൊണ്ടാണ് കേസ് പരിഗണിക്കുന്നതെന്നും കോടതി വിശദമാക്കി. മക്കയിൽ എന്താണ് സാഹചര്യമെന്നും കോടതി അന്വേഷിച്ചു.

മുസ്ലിം പള്ളികളിൽ പ്രാർത്ഥന നടത്താൻ സ്ത്രീകളെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര സ്വദേശികളായ മുസ്ലിം കുടുംബമാണ് സുപ്രീം കോടതിയെ സമീപിച്ചത്. ജസ്റ്റി‌സ് എസ് എ ബോബ്ഡെ, ജസ്റ്റി‌സ് അബ്ദുൽ നസീർ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. നിങ്ങളെ തുല്യരായി പരിഗണിക്കണമെന്ന് മറ്റൊരാളോട് നിങ്ങൾക്ക് പറയാൻ സാധിക്കുമോ എന്ന് ഹർജി പരിഗണിക്കവെ കോടതി ചോദിച്ചു. ഒരു രാഷ്ട്രം എല്ലാ പൗരന്മാരേയും തുല്യരായി കാണേണ്ടതുണ്ട്. തുല്യതയ്ക്കുള്ള അവകാശം രാഷ്ട്രത്തിന് നിഷേധിക്കാനാവില്ല. എന്നാൽ മോസ്കോ, ക്ഷേത്രമോ, ക്രിസ്ത്യൻ പള്ളിയോ ഒരു രാഷ്ട്രമാണോ എന്നുചോദിച്ച കോടതി ഒരാൾ അയാളുടെ വീട്ടിൽ നിങ്ങളെ പ്രവേശിപ്പിക്കാതിരുന്നാൽ പോലീസ് ഇടപെടൽ സാധ്യമാണോ എന്നും ചോദിച്ചു.

പൂനെ സ്വദേശികളായ ദമ്പതിമാരാണ് ഹർജി നൽകിയത്. പൂനെയിലെ മുഹമ്മദീയ ജുമാ മസ്ജിദിൽ പ്രവേശനം നിഷേധിക്കപ്പെട്ടുവെന്ന് കാട്ടിയാണ് ഹർജി. സുന്നി പള്ളികളില്‍ പ്രാർഥനകൾക്കായി സ്ത്രീകളെ ഒരിക്കലും പ്രവേശിപ്പിക്കാറില്ലെന്നും ഇത് വേർതിരിവാണെന്നും ഹർജിയിൽ പറയുന്നു. മക്കയിൽ സ്ത്രീകൾക്ക് പ്രവേശനം ഉണ്ടോ എന്ന് കോടതി ചോദിച്ചപ്പോൾ ഉണ്ടെന്നായിരുന്നു ഹർജിക്കാരിയുടെ മറുപടി. കേന്ദ്ര സർക്കാർ, വഖഫ് ബോർഡുകൾ, മുസ്ലിം വ്യക്തി നിയമ ബോർഡ് തുടങ്ങിയ എതിർ കക്ഷികൾക്കാണ് സുപ്രീം കോടതി നോട്ടീസ് അയച്ചത്.

ശബരിമല വിധി ചൂണ്ടിക്കാട്ടിയാണ് മുസ്ലിം പള്ളികളിലും സ്ത്രീകൾക്ക് പ്രവേശനം വേണമെന്ന് ഹർജിയിലൂടെ ആവശ്യപ്പെടുന്നത്. പള്ളികളിലെ ആരാധനയിൽ സ്ത്രീകളെ വിലക്കുന്നത് ഭരണഘടനാപരമായ അവകാശത്തിന്‍റെ ലംഘനമാണെന്നും ഹർജിയിൽ വിശദമാക്കുന്നു.

Womensupreme courtmosquepray
Comments (0)
Add Comment