മുഖ്യമന്ത്രിക്കെതിരെ വിമാനത്തിലെ പ്രതിഷേധം: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകർക്ക് ജാമ്യം

Jaihind Webdesk
Thursday, June 23, 2022

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളില്‍ പ്രതിഷേധിച്ചതിന് കേസെടുത്ത യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർക്ക് ജാമ്യം ലഭിച്ചു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഫര്‍സീന്‍ മജീദിനും നവീന്‍ കുമാറിനുമാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.കേസിലെ മറ്റൊരു പ്രതിയായ സുജിത് നാരായണന് മുന്‍കൂർ ജാമ്യം ലഭിച്ചു.കേരള പ്രദേശ് കോൺഗ്രസ് നിയമ സഹായ സമിതി (KPC-LAC) ചെയർമാൻ അഡ്വ.വി.എസ് ചന്ദ്രശേഖരനാണ് ഇവർക്കു വേണ്ടി ഹാജരായത്.

മുഖ്യമന്ത്രിയോടുള്ള വിരോധമല്ല വിമാനത്തിനുള്ളിൽ യൂത്ത് കോൺഗ്രസുകാരുടെ പ്രതിഷേധത്തിന് കാരണമായതെന്നു ഹൈക്കോടതി പറഞ്ഞു. പ്രതികൾ ആയുധം കരുതിയിരുന്നില്ല.  വിമാനം ലാൻഡ് ചെയ്ത ശേഷമാണ് പ്രതിഷേധിച്ചത്. എയർപോർട്ട് മാനേജർ ആദ്യം നൽകിയ റിപ്പോർട്ടിൽ വാക്കുതർക്കം എന്ന് മാത്രമാണ് ഉണ്ടായിരുന്നത്. പിന്നീട് നൽകിയ റിപ്പോർട്ടിലാണ് മുദ്രാവാക്യം വിളിച്ച കാര്യം ഉള്ളതെന്നും കോടതി വ്യക്തമാക്കി.

കണ്ണൂരിൽ നിന്നു തിരുവനന്തപുരത്തേക്കുള്ള വിമാനയാത്രയ്ക്കിടെയാണ് മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്. തിരുവനന്തപുരം വിമാനത്താവളത്തില്‍ വിമാനം ലാൻഡ് ചെയ്ത ശേഷമാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചത്. അതേസമയം പ്രതിഷേധക്കാർക്കെതിരെ വിമാനത്തിനുള്ളില്‍ ആക്രമണം നടത്തിയത് എല്‍ഡിഎഫ് കണ്‍വീനർ ഇ.പി ജയരാജനായിരുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ ജയരാജന്‍ മർദ്ദിച്ച് താഴെയിടുന്ന വീഡിയോ പുറത്തുവന്നിരുന്നു. എന്നാല്‍ ഇതിനെതിരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല.