കരിപ്പൂരിൽ വിമാനാപകടം : ലാന്‍ഡിംഗിനിടെ 30 അടി താഴ്ചയിലേക്ക് പതിച്ച വിമാനം രണ്ടായി പിളർന്നു ; മരണസംഖ്യ ഉയരുന്നു, നിരവധി പേർക്ക് ഗുരുതര പരിക്ക് | LIVE

Jaihind News Bureau
Friday, August 7, 2020

കരിപ്പൂരിൽ വിമാനാപകടം. ദുബായിൽ നിന്നും വന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്.  മോശം കാലാവസ്ഥയെ തുടർന്ന് ലാന്‍ഡിംഗിനിടെ തെന്നിമാറി 30 അടി താഴ്ചയിലേക്ക് വീഴുകയായിരുന്നു. അപകടത്തില്‍ 17  പേർ മരിച്ചതായി സ്ഥിരീകരിച്ചു.

ഇന്ന് രാത്രി 8 മണിയോടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. ദുബായിൽനിന്ന് 191 യാത്രക്കാരുമായി വന്ന 1344 ദുബായ്–കോഴിക്കോട് വിമാനം രാത്രി 8 മണിയോടെയാണ് അപകടത്തിൽപ്പെട്ടത്. യാത്രക്കാരിൽ 175 മുതിർന്നവരും 10 പേർ കുട്ടികളുമാണ്. ഇവർക്കു പുറമേ നാല് ജീവനക്കാരും രണ്ട് പൈലറ്റുമാരും ഉണ്ടായിരുന്നു. അപകടത്തിൽ പൈലറ്റുള്‍പ്പെടെ 17 പേർ മരിച്ചതായി സ്ഥിരീകരിച്ചു.

കൊണ്ടോട്ടി-കുന്നുംപുറം റോഡിൽ മേലങ്ങാടി വഴിയുള്ള ക്രോസ് ബെൽറ്റ് റോഡിന്‍റെ ഭാഗത്തേക്കാണ് വിമാനം വീണത്. വിമാനം രണ്ടായി പിളർന്നതായാണ് വിവരം.  ടേബിൾടോപ്പ് റൺവെ ആണ് വിമാനത്താവളത്തിലുള്ളത്. ലാന്‍ഡിംഗ് പിഴച്ചതോടെ മുപ്പത് അടിയോളം താഴ്ചയിലേക്ക് വിമാനം കൂപ്പുകുത്തുകയായിരുന്നു. വിമാനത്തിൽ ഉണ്ടായിരുന്ന എല്ലാവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. മോശം കാലാവസ്ഥയാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. രക്ഷാപ്രവർത്തനം തുടരുകയാണ്.

ഗുരുതരമായി പരിക്കേറ്റ 60 ഓളം പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയിലേക്ക് എത്തിച്ചവരുടെ എല്ലാം നില ഗുരുതരമാണ്. ദുരന്ത നിവാരണ അതോറിറ്റി അധികൃതരും കോഴിക്കോട് മലപ്പുറം ജില്ലകളിലെ ജീവൻ രക്ഷാ സംവിധാനങ്ങളും കരിപ്പൂരിലേക്ക് എത്തുന്നുണ്ട്. ശരീര ഭാഗങ്ങൾ അറ്റുപോയ നിലയിലാണ് പലരേയും ആശുപത്രിയിലെത്തിച്ചിട്ടുള്ളത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.