“വേലി തന്നെ വിളവ് തിന്നുന്നു”; ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി പി കെ ശ്രീമതി

Jaihind Webdesk
Monday, November 14, 2022

ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷ വിമർശനവുമായി സി പി എം കേന്ദ്ര കമ്മറ്റി അംഗം പി കെ ശ്രീമതി. പീഡന കേസിൽ പ്രതിയായ തൃക്കാക്കര സിഐ സുനു സ്ഥിരം കുറ്റവാളിയെന്ന് പി കെ ശ്രീമതി. വേലി തന്നെ വിളവ് തിന്നുന്നതായി പി കെ ശ്രീമതിയുടെ ഫെയിസ് ബുക്ക് പോസ്റ്റ്. തൃക്കാക്കര കൂട്ടബലാത്സംഗ കേസിൽ പ്രതിയായ സിഐ സുനു  നേരത്തെയും സമാന രീതിയിലുള്ള പരാതി ഉയർന്നിട്ടും ഇയാൾ സർവീസിൽ തുടരുന്നതിനെയാണ്  പി കെ ശ്രീമതി വിമർശിക്കുന്നത്.

തൃക്കാക്കരയിൽ നിന്നുള്ള പൊലീസ് ബേപ്പൂർ കോസ്റ്റൽ പൊലീസ് സ്റ്റേഷനിൽ കയറി കസ്റ്റഡി യിലെടുത്ത ഇൻസ്പെക്ടർ പി. ആർ. സുനുവിനെതിരെ സ്ത്രീ പീഡനം ഉൾപ്പെടെ 3 ക്രിമിനൽ കേസുകളും വകുപ്പുതലത്തിൽ 8 അന്വേഷണവും ശിക്ഷാ നടപ ടിയും ഉണ്ടായിരുന്നതാണ്. സ്ത്രീപീഡനക്കേസിൽ ശിക്ഷ അനുഭവിച്ച ഉദ്യോഗസ്ഥനാണ് ഇപ്പോഴും സേനയുടെ ഭാഗമായി ക്രമസമാധാനച്ചുമതലയിൽ തുടരുന്നത്.

പൊലീസ് സേനയെ കളങ്കപ്പെടുത്തുന്നവരോട് ദയയും ദാക്ഷിണ്യവും ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പറയുമ്പോഴും ഇത്തരം ക്രിമിനൽ കേസ് പ്രതികൾ ഉന്നത പൊലി സുദ്യോഗസ്ഥരുടെ സംരക്ഷണത്തിൽ തുടരുന്നു എന്നതാണു യാഥാർഥ്യം. ഇതിനെയാണ് പി കെ ശ്രീമതി ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമർശിക്കുന്നത്. ഇത് സി പി എമ്മിനകത്ത് ചർച്ച ആയേക്കും.