പി.കെ. ശ്രീമതി എം.പിയായത് വീട്ടുകാര്‍ക്ക് മാത്രം; നാട്ടുകാര്‍ക്കെന്ത് ഗുണമുണ്ടായി എന്ന ചോദ്യത്തിന് ഉത്തരം വട്ടപൂജ്യം; സഭയിലെ പ്രകടനവും പരിതാപകരം

Jaihind Webdesk
Tuesday, March 12, 2019

കണ്ണൂര്‍: പി.കെ. ശ്രീമതി വീണ്ടും കണ്ണൂരില്‍ നിന്ന് ജനവിധി തേടാനെത്തുമ്പോള്‍ വോട്ടര്‍മാര്‍ക്ക് ഒരേയൊരു ചോദ്യം മാത്രമാണ് ചോദിക്കാനുള്ളത് ശ്രീമതി എം.പി നാടിനുവേണ്ടി എന്തു ചെയ്തുവെന്നത്. കാര്യമായി യാതൊന്നുമില്ലാ എന്നാണ് ഉത്തരം വരുന്നത് എങ്കിലും പി.കെ. ശ്രീമതിയുടെ കുടുംബക്കാരും പാര്‍ട്ടിക്കാരും മാത്രം അത് അനുവദിച്ച് തരില്ല. കാരണം കുടുംബക്കാര്‍ക്കും പാര്‍ട്ടിയിലെ ചിലര്‍ക്കും മാത്രം നേട്ടമുണ്ടാക്കുന്ന കാര്യത്തിലൊന്നും കണ്ണൂരിന്റെ എം.പി അലംഭാവം കാണിച്ചിട്ടില്ല. മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് മാസങ്ങള്‍ക്കകം ഇ.പി.ജയരാജന് മന്ത്രിസ്ഥാനത്തു നിന്ന് രാജിവെക്കേണ്ടി വന്ന സംഭവത്തില്‍ പ്രതിസ്ഥാനത്ത് പി.കെ. ശ്രീമതിയുമുണ്ടായിരുന്നു. ഇ.പി. ജയരാജന്റെ ഭാര്യാ സഹോദരി കൂടിയായ ശ്രീമതിയുടെ മകന് വേണ്ടിയാണ് വ്യവസായ വകുപ്പില്‍ വഴിവിട്ട നിയമനത്തിന് ജയരാജന്‍ മുതിര്‍ന്നത്.

സംസ്ഥാന വ്യവസായവകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറായാണ് പി.കെ. ശ്രീമതിയുടെ മകന്‍ സുധീര്‍ നമ്പ്യാരെ നിയമിച്ചത്. നിയമനം പാര്‍ട്ടിക്കകത്തും പുറത്തും വിവാദമായതോടെ സുധീര്‍ നമ്പ്യാര്‍ എം.ഡി സ്ഥാനത്ത് നിന്ന് ഒഴിവായെങ്കിലും ജയരാജന് കുറേക്കാലം മന്ത്രിസ്ഥാനമില്ലാതായി. മുമ്പ് വി എസ് മന്ത്രിസഭയില്‍ ആരോഗ്യമന്ത്രിയായിരിക്കേ സ്വന്തം മരുമകളെ കുക്കായി നിയമിച്ചും ശ്രീമതി ബന്ധുസ്‌നേഹം പ്രകടിപ്പിച്ചതാണ്.
സി.പി.എം കേന്ദ്രകമ്മിറ്റിയംഗമായ ശ്രീമതിയുടെ സ്വാധീനമുപയോഗിച്ചാണ് മകന്‍ സുധീര്‍ നമ്പ്യാരുടെ ബിസിനസ്സുകളെന്നും വ്യക്തമാണ്. വന്‍കിട ഇടപാടുകള്‍ നടത്തുകയെന്ന ലക്ഷ്യത്തോടെയായിരുന്നു മകനെ കെ.എസ്.ഐ.ഇയുടെ തലപ്പത്തിരുത്താന്‍ ശ്രീമതി ശ്രമിച്ചത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളങ്ങളിലെ എയര്‍ കാര്‍ഗോ കോംപ്ലക്സുകളുടെ നടത്തിപ്പ് ചുമതലയുള്ള കെ.എസ്.ഐ.ഇയുടെ എം.ഡി സ്ഥാനമെന്നത് ബന്ധുനിയമനത്തിന് പിന്നിലെ അഴിമതിയുടെ ആഴം വ്യക്തമാക്കുന്നുണ്ട്.

ഇപ്പോള്‍ പി കെ ശ്രീമതിക്കു വേണ്ടി നാഥനില്ലാത്ത കുറേ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ കണ്ണൂരില്‍ ഉയര്‍ന്നിട്ടുണ്ട്. മകന്റെ നിയന്ത്രണത്തിലുള്ള ഒരു ഈവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പിന് പ്രചാരണ ചുമതല ശ്രീമതി ഏല്‍പ്പിച്ചെന്നാണ് സൂചന. എന്നാല്‍ ഈ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഹൈക്കോടതി വിധിക്ക് വിരുദ്ധമാണ്. ഈ ഫ്‌ളക്‌സുകള്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് കണ്ണൂരിനനുവദിച്ച പദ്ധതികളെ സ്വന്തം അക്കൗണ്ടിലാക്കി മേനി നടിക്കുകയാണ് ഈ പ്രചാരണ ബോര്‍ഡുകളിലൂടെ പി കെ ശ്രീമതി ചെയ്യുന്നത്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഫണ്ടനുവദിച്ച് സംസ്ഥാനസര്‍ക്കാര്‍ നടപ്പിലാക്കിയ സഹസ്രസരോവര്‍ പദ്ധതിയില്‍ നവീകരിച്ച കുളങ്ങളെ പോലും തന്റെ നേട്ടമായി പരസ്യപ്പെടുത്തി അപഹാസ്യയാവുകയാണ് കണ്ണൂരില്‍ പി കെ ശ്രീമതി.

പാര്‍ലമെന്റിലാകട്ടെ പരിതാപകരമായിരുന്നു ശ്രീമതിയുടെ പ്രകടനങ്ങള്‍. ചെന്നൈ വെള്ളപ്പൊക്കത്തെക്കുറിച്ച് പാര്‍ലമെന്റില്‍ ശ്രീമതി നടത്തിയ ‘മംഗ്ലീഷ്’ പ്രസംഗം സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരുന്നു.  ദുരിതബാധിത പ്രദേശങ്ങളില്‍ കുടിവെള്ളം പോലും ലഭിക്കാതെ ജനങ്ങള്‍ ബുദ്ധിമുട്ടുകയാണ്. അഴുക്കുചാല്‍ ഇല്ലാത്തതാണ് ദുരന്തത്തിന് കാരണമെന്നും ഇരുഭാഷകളിലായി ശ്രീമതി വിശദീകരിച്ചതാണ് ചിരി പടര്‍ത്തിയത്. പ്രസംഗം അവസാനിപ്പിക്കുന്നതിനിടെ സംസ്ഥാന സര്‍ക്കാരിനെ ‘ സ്റ്റേറ്റ് ഗവണ്‍മെന്റ് ഓഫ് ഇന്ത്യ’ എന്ന് പറഞ്ഞതും സാമൂഹികമാധ്യമങ്ങള്‍ ആഘോഷിച്ചതാണ്.

ലോക്‌സഭയില്‍ ചോദ്യമെഴുതിക്കൊടുത്തിട്ടും ചോദ്യോത്തരസമയത്ത് ചോദ്യം ചോദിക്കാന്‍ ഹാജരാകാതിരുന്നതിന് സ്പീക്കറുടെ വിമര്‍ശനവും കണ്ണൂര്‍ എംപിക്ക് സഭയില്‍ കേള്‍ക്കേണ്ടിവന്നു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പൂര്‍ത്തീകരിച്ച കണ്ണൂര്‍ വിമാനത്താവളമടക്കമുള്ള പദ്ധതികളൊക്കെ പറഞ്ഞ് കണ്ണൂരിന്റെ വികസനനായിക ചമയാനാണ് ശ്രീമതിയുടെ ശ്രമം. പയ്യാമ്പലത്ത് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കിയ നടപ്പാത പോലും ശ്രീമതിയുടെ നേട്ടമായി ഫ്‌ളക്‌സ് ബോര്‍ഡുകളില്‍ ഇടം നേടിയിരിക്കുകയാണ്. ഇതേസമയം കണ്ണൂരിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ പി കെ ശ്രീമതി അഞ്ചു വര്‍ഷത്തിനിടയില്‍ എന്തു ചെയ്തുവെന്ന ചോദ്യം പ്രധാനമാണ്. കണ്ണൂരിലെ ഫ്‌ളൈ ഓവര്‍, മേലേ ചൊവ്വ അണ്ടര്‍പാസ് തുടങ്ങി ഒട്ടേറെ പദ്ധതികള്‍ പറഞ്ഞതല്ലാതെ ഏതെങ്കിലുമൊന്നിന് തുടക്കം കുറിക്കാന്‍ അഞ്ചു വര്‍ഷത്തിനിടയില്‍ ശ്രീമതിക്ക് കഴിഞ്ഞിട്ടില്ല. കേരളം പിണറായി ഭരിക്കുമ്പോള്‍, കണ്ണൂര്‍ കോര്‍പറേഷന്‍ സി പി എം ഭരിക്കുമ്പോള്‍, കണ്ണൂരിലെ എം പിയും എംഎല്‍എയും ഇടതുപക്ഷത്തിന്റെ പ്രതിനിധികളാകുമ്പോള്‍ കണ്ണൂരിന്റെ തീരാശാപമായ ഗതാഗതക്കുരുക്കിന് പരിഹാരം കാണാന്‍ യാതൊരു പദ്ധതിയും പ്രാവര്‍ത്തികമാക്കിയില്ല.