കെ സുധാകരന്‍ സംസാരിച്ചു; പി.കെ. രാഗേഷ് കോണ്‍ഗ്രസിലേക്ക് തിരികെയെത്തുന്നു; അഭിപ്രായ ഭിന്നതകളില്ലെന്നും കണ്ണൂര്‍ ഡെപ്യൂട്ടി മേയര്‍

Jaihind Webdesk
Tuesday, May 28, 2019

കണ്ണൂര്‍: മുന്‍ കോണ്‍ഗ്രസ് നേതാവും കണ്ണൂര്‍ കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയറുമായ പി.കെ രാഗേഷ് വീണ്ടും കോണ്‍ഗ്രസുമായി അടുക്കുന്നു. പാര്‍ട്ടിയുമായി ഇപ്പോള്‍ അഭിപ്രായ ഭിന്നതകളില്ലെന്നും കെ സുധാകരന്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ തന്നെ പാര്‍ട്ടിയിലേക്ക് തിരികെ വിളിച്ചതായും പികെ രാഗേഷ് പറഞ്ഞു.

പാര്‍ട്ടിയിലേക്ക് തിരികെയെത്തുന്നത് സംബന്ധിച്ച് അനൗപചാരിക ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെങ്കിലും അന്തിമ തീരുമാനമായിട്ടില്ല. കണ്ണൂര്‍ കോര്‍പ്പറേഷനില്‍ എല്‍ ഡി എഫിന് നല്‍കിയത് നിരുപാധിക പിന്തുണ മാത്രമാണ്. അത് ഏത് സമയത്തും പിന്‍വലിക്കാന്‍ അവകാശമുണ്ടെന്നും പി കെ രാഗേഷ് പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന് പിന്തുണ പ്രഖ്യാപിച്ച പി കെ രാഗേഷ് പ്രചാരണത്തിനിറങ്ങിയിരുന്നു.

ഇപ്പോള്‍ തിരുവനന്തപുരത്തുള്ള കെ. സുധാകരന്‍ തിരികെ കണ്ണൂരിലെത്തിയതിന് ശേഷമായിരിക്കും കൂടുതല്‍ ചര്‍ച്ചകള്‍ നടക്കുക. കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയറാണ് പി.കെ. രാഗേഷ്.