അയൽ രാജ്യങ്ങളിൽ നിന്നുള്ളവരുടെ ഇന്ത്യന്‍ പൗരത്വം : ഭരണഘടനാ ഭേദഗതി ബില്ലിനെ വിമർശിച്ച് പികെ കുഞ്ഞാലിക്കുട്ടി

Jaihind Webdesk
Wednesday, January 9, 2019

അയൽ രാജ്യങ്ങളിൽ നിന്നുള്ള മുസ്ലിമേതര ന്യുനപക്ഷങ്ങൾക്ക് ഇന്ത്യയിൽ പൗരത്വം നൽകുന്നതിനായുള്ള ഭരണഘടനാ ഭേദഗതി ബില്ലിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് പികെ കുഞ്ഞാലിക്കുട്ടി എംപി ലോക്സഭയിൽ രംഗത്തെത്തി. സാമ്പത്തിക സംവരണ ബില്ലിൽ കേന്ദ്രസർക്കാരിനെ ഇ.ടി മുഹമ്മദ് ബഷീറും നിശിതമായി വിമർശിച്ചു.

മുസ്ലിം മതവിഭാഗത്തിനെതിരെ പ്രകടമായ വിവേചനം ഉൾകൊള്ളുന്ന ബില്ല് സഭയിൽ പാസ്സാക്കരുതെന്ന് കുഞ്ഞാലിക്കുട്ടി സർക്കാറിനോടാവശ്യപ്പെട്ടു. മുസ്ലിം വിരുദ്ധ ബില്ലിലെ വ്യവസ്ഥകൾ ഭരണഘടനാ വിരുദ്ധമാണന്നും ബില്ല് ബിജെപിയുടെ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണന്നുമദ്ദേഹം ആരോപിച്ചു.പൗരത്വ ഭേദഗതി ബില്ലിലൂടെ ആഭ്യന്തര വകുപ്പ് വിവേചനത്തെ നിയമ വിധേയമാക്കാനാണ് ശ്രമിക്കുന്നത് പികെ കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു. പരിഗണനകൾക്കതീതമായി തുല്ല്യ പരിഗണനയും സ്ഥാനവുമാണ് ഭരണഘടന രാജ്യത്തെ എല്ലാ പൗരൻമാർക്കും നൽകുന്നത്. ഭരണഘടനയുടെ ആദ്യ ഭേദഗതി പൗരാവകാശങ്ങൾ സംരക്ഷിക്കാനുള്ളതായിരുന്നു. എന്നാൽ വിവേചനത്തെ നിയമ വിധേയമാക്കാനാണ് ഇന്ന് ഭരണഘടനയെ ദേദഗതി ചെയ്യുന്നതെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു. ബില്ല് അവതരിപ്പിക്കപ്പെട്ട ദിനം മതേതര ഇന്ത്യയുടെ ചരിത്രത്തിലേ കറുത്ത ദിനമായി രേഖപ്പെടുത്തപ്പെടുത്തുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സാമ്പത്തിക സംവരണ ബിൽ ദാരിദ്ര്യ നിർമാർജത്തിന് വേണ്ടിയല്ലെന്ന് പറഞ്ഞ ഇ.ടി മുഹമ്മദ് ബഷീർ മുന്നോക്ക പിന്നോക്ക വിഭാഗങ്ങളുടെ തൊഴിലും വിദ്യാഭ്യാസവും പരിശോധനക്ക് വിധേയമാക്കണമെന്ന് ലോക്‌സഭയിൽ ആവശ്യപ്പെട്ടു.