വിമർശനം ഉണ്ടാവില്ലെന്ന് വിചാരിക്കരുത്, പ്രകോപിതനാകേണ്ട കാര്യമില്ല : കെ.എം. ഷാജിയെ പിന്തുണച്ച് പി.കെ.കുഞ്ഞാലിക്കുട്ടി എംപി

Jaihind News Bureau
Thursday, April 16, 2020

മുഖ്യമന്ത്രിയെ വിമർശിച്ച കെ.എം. ഷാജി എംഎൽഎയെ പിന്തുണച്ച് മുസ്‍ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എംപി. കൊവിഡ് പശ്ചാത്തലത്തിൽ സർക്കാരിനെ പിന്തുണക്കുന്നു എന്ന് കരുതി വിമർശിക്കില്ല എന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.  വിമർശനങ്ങളെ ആരോഗ്യപരമായി ചർച്ച ചെയ്യുകയാണ് വേണ്ടത്.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട്‌ വക മാറ്റിയ അനുഭവം നേരത്തെ ബോധ്യപ്പെട്ടതാണ്. അത് പോലെ  ഇനിയും തിരിമറി നടത്തരുതെന്ന് കരുതിയാണ് കെഎം ഷാജി പോസ്റ്റിട്ടത്.  അത് ആവിഷ്കാര സ്വാതന്ത്ര്യമായി കണ്ടാൽ മതിയെന്നും മുഖ്യമന്ത്രി പ്രകോപിതനാവേണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് കാലം ഇടതുപക്ഷം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നു.
യൂത്ത് ലീഗിന്‍റെ വൈറ്റ് ഗാർഡുകൾക്കെതിരെ കേസെടുത്തത് രാഷ്ട്രീയമായിരുന്നു, അത് എതിർത്ത് തോൽപ്പിച്ചു. പ്രതിപക്ഷത്തിന്‍റെ പ്രവർത്തനം തകർക്കാനാവില്ലെന്നും
രണ്ട് പ്രളയം കൈകാര്യം ചെയ്തത് മികച്ച രീതിയിലെന്ന് ജനത്തിന് അഭിപ്രായമില്ലെന്നും കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് വ്യക്തമാക്കി.

കൊവിഡ് കാലത്തെ സർക്കാരിന്‍റെ പ്രവർത്തനം സംബന്ധിച്ച് പ്രതിപക്ഷത്തിന് വിമർശനമില്ലെന്ന് കരുതരുതെന്നും ദുരന്തബാധിതരായ ജനങ്ങളെയോർത്താണ് മിണ്ടാതിരിക്കുന്നതെന്നും മുസ്‍ലിം കുഞ്ഞാലിക്കുട്ടി പറഞ്ഞു. പാർട്ടിയും യുഡിഎഫും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളില്‍ സർക്കാരുമായുള്ള പൂർണസഹകരണം തുടരും. എന്നാൽ, വിമർശനമില്ലാത്ത കേരളം സൃഷ്ടിക്കാനാണ് ശ്രമമെങ്കിൽ അതു നടപ്പില്ല. വീഴ്ചകൾ കണ്ടാൽ പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നു വിമർശനങ്ങളും ഉണ്ടാകും. അത് ചർച്ച ചെയ്യുകയാണ് വേണ്ടത്, അതിനോട് അസഹിഷ്ണുത പാടില്ല. വിമർശനങ്ങളെ വികൃതമനസോ നിഷോധാത്മക നിലപാടോ ആയി കാണാതെ വിമർശനാത്മകമായ രീതിയിൽ സമീപിച്ച് പ്രശ്നങ്ങൾ പരിഹരിക്കുകയാണ് വേണ്ടത്. മുഖ്യമന്ത്രി വിമർശനാതീതനാണെന്ന് ധരിക്കരുതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പാർട്ടി കൊലക്കേസ് വാദിക്കാൻ സർക്കാർ ഫണ്ട് ചെലവിട്ടതിനെയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വിനിയോഗത്തെയും കുറിച്ചുള്ള കെ.എം.ഷാജി എംഎൽഎയുടെ വിമർശനത്തിന് മറുപടിയും സംവാദവുമാണ് വേണ്ടതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുഖ്യമന്ത്രിയുടെ വിമർശനത്തിന് ഷാജി മറുപടി പറഞ്ഞതിനു പിന്നാലെയാണ് ഇക്കാര്യത്തിൽ ഷാജിക്ക് ലീഗിന്റെ പൂർണപിന്തുണയുണ്ടെന്നു വ്യക്തമാക്കി ലീഗ് ദേശീയ ജനറൽ സെക്രട്ടറിയും മാധ്യമങ്ങളോട് സംസാരിച്ചത്. രണ്ടു പ്രളയവും ഓഖിയും സർക്കാർ കൈകാര്യം ചെയ്തത് ശരിയായ നിലയിലാണെന്ന് കേരളത്തിന് ബോധ്യപ്പെട്ടിട്ടില്ല. അത് ആവർത്തിക്കരുതെന്ന് സ്വന്തം ശൈലിയിൽ പറയുകയാണ് ഷാജി ചെയ്തതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാരുമായുള്ള പൂർണസഹകരണം തുടരുമെങ്കിലും കേരളത്തിൽ എല്ലാം ശുഭമല്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. കൊവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ അനുസരിച്ച് മരുന്നും ഭക്ഷണവുമെത്തിക്കാൻ പ്രവർത്തിച്ച യൂത്ത് ലീഗ് സന്നദ്ധസേനയായ വൈറ്റ്ഗാർഡിന്റെ പ്രവർത്തനം സർക്കാർ തടസ്സപ്പെടുത്തിയതും പലയിടങ്ങളിലും കേസെടുത്തതും രാഷ്ട്രീയപ്രേരിതമാണ്. തദ്ദേശസ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളും രാഷ്ട്രീയമായി ദുരുപയോഗം ചെയ്യപ്പെടുകയാണ്. സന്നദ്ധപ്രവർത്തർക്കെല്ലാം റജിസ്ട്രേഷൻ ഏർപ്പെടുത്തിയത് പ്രവർത്തനങ്ങൾ പാർട്ടി പ്രവർത്തകർക്കു കയ്യടിക്കാൻ വേണ്ടിയാണ്. കൊവിഡിന്‍റെ ചെലവിൽ നിയമസഭാ, പഞ്ചായത്ത് തെരഞ്ഞെടുപ്പ് ലക്ഷ്യം വയ്ക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.