കള്ളക്കടത്തുകൾ ഏതുമാവട്ടെ! വിശ്വസ്തതയോടു കൂടി ചെയ്തു കൊടുക്കുന്ന ഏക സ്ഥാപനം ; സിപിഎമ്മിനെ പരിഹസിച്ച് പി.കെ അബ്ദുറബ്

Jaihind Webdesk
Sunday, June 27, 2021

മലപ്പുറം : സിപിഎം പാർട്ടിക്കുള്ളിലെ ക്വട്ടേഷൻ, ക്രിമിനൽ, മാഫിയാ സംഘങ്ങളെക്കുറിച്ചുള്ള വാർത്തകൾ പുതിയതൊന്നുമല്ലെന്ന് മുസ്ലിം ലീഗ് നേതാവും മുന്‍ മന്ത്രിയുമായ പികെ അബ്ദുറബ്ബ്. നിയമങ്ങൾ ലംഘിച്ചുള്ള ഏതുതരം കള്ളക്കടത്തുകളിലും സഖാക്കളുടെ പേരുകൾ ഉയർന്നു കേൾക്കുന്നുണ്ടെങ്കിൽ അതിൽ ജനത്തിനു തെല്ലും അതിശയോക്തിയില്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം :

സി.പി.എം പാർട്ടിക്കുള്ളിലെ ക്വട്ടേഷൻ, ക്രിമിനൽ, മാഫിയാ സംഘങ്ങളെക്കുറിച്ചുള്ള വാർത്തകൾ പുതിയതൊന്നുമല്ല. സ്വർണ്ണമാവട്ടെ, ലഹരിയാവട്ടെ, കുഴൽപ്പണമാവട്ടെ, ഡോളറാവട്ടെ…എന്തിന് കാട്ടിലെ മരമാവട്ടെ…! നിയമങ്ങൾ ലംഘിച്ചുള്ള ഏതുതരം കള്ളക്കടത്തുകളിലും സഖാക്കളുടെ പേരുകൾ ഉയർന്നു കേൾക്കുന്നുണ്ടെങ്കിൽ അതിൽ ജനത്തിനു തെല്ലും അതിശയോക്തിയില്ല.
ഫാരിസ് അബൂബക്കറും, സന്തോഷ് മാധവനും, സാൻ്റിയാഗോ മാർട്ടിനും, മണിച്ചനും, ലിസ് ചാക്കോയുമൊക്കെ ഈ പാർട്ടിയെ തഴുകിയും തലോടിയും സാമ്രാജ്യങ്ങൾ പണിത വിപ്ലവ സിംഹങ്ങളാണല്ലോ. പുതിയ സാമ്രാജ്യങ്ങൾ വെട്ടിപ്പിടിക്കാൻ പഴയ തന്ത്രങ്ങളൊന്നും പോരാ. കൂടുതൽ ബന്ധങ്ങളും വേണം. കേന്ദ്രവും, കേരളവും ഭായി ഭായിയാവുന്നത് ഇക്കാരണം കൊണ്ടു
കൂടിയാണ്.
അർജുൻ ആയങ്കിയായാലും, ആകാശ് തില്ലങ്കേരിയായാലും.. പുതിയ കാലത്തെ എല്ലാ വിപ്ലവ തീപ്പന്തങ്ങൾക്കും പാർട്ടി പാരമ്പര്യങ്ങളെക്കുറിച്ച് നല്ല ബോധ്യമുണ്ട്. കൊടി സുനിമാരുടെയും, കിർമാണിമാരുടെയും കീഴിൽ പാർട്ടി കേഡറുകൾ വളരുക തന്നെയാണ്. പാർട്ടിക്കു വേണ്ടി കൊല നടത്തിയാൽ ഭാര്യക്ക് ജോലി എന്ന പദ്ധതിയുള്ളപ്പോൾ നാം മൗനം പാലിക്കുക. സർക്കാർ എന്തുതന്നെ നെറികേട് ചെയ്താലും നമുക്ക് കിറ്റ് തരുന്നുണ്ടല്ലോ, അതു മതി.. അതു മാത്രം മതി!
കെ.സുരേന്ദ്രൻ വരെ പ്രതിക്കൂട്ടിലായ കുഴൽപ്പണക്കേസിൽപ്പോലും ആഭ്യന്തര വകുപ്പിന് ഇപ്പോഴും അനങ്ങാപ്പാറ നയം തന്നെ. സുരേന്ദ്രന് പകരം വല്ല സുലൈമാൻ്റെ പേരുമായിരുന്നു കുഴൽപ്പണ ഇടപാടിൽ നമ്മൾ കേട്ടിരുന്നതെങ്കിൽ ഒരഞ്ചാറ് UAPA ക്കുള്ള ചാൻസുണ്ടായിരുന്നു. കേന്ദ്രൻ കുടുങ്ങുമ്പോൾ കേരളവും, കേരളം കുടുങ്ങുമ്പോൾ കേന്ദ്രനും; കണ്ണടക്കുന്ന ആ ഒളിച്ചുകളി…!
വല്ല മേത്തനും കുടുങ്ങിയാൽ രണ്ടു കൂട്ടരും കൂടി തോക്കും വടിയുമായി കൊല്ലാൻ ഓടിക്കൂടുന്ന ആ ആവേശം..!
ഈ അന്തർധാര തുടങ്ങിയിട്ട് നാളേറെയായല്ലോ. ഏതു കേസുകളിലും സി.പി.എമ്മും ബി.ജെ.പിയും ഇങ്ങ് കേരളത്തിൽ ഭായി ഭായിയാണ്. മുപ്പതോളം സീറ്റുകളിൽ തുടർഭരണത്തിനു വരെ വിത്തിട്ട ഈ പരസ്പര സഹായ സഹകരണ സംഘത്തിൻ്റെ മറപിടിച്ചാവും പ്രമാദമായ കേസുകളിലടക്കം ഇനിയുള്ള അഞ്ച് വർഷവും സംഘപരിവാറിന് രക്ഷ.
ഇടതു ലിബറൽ മേൽവിലാസം എടുത്തണിഞ്ഞവർ, കിറ്റും, പെൻഷനും പറഞ്ഞ് പിണറായി വിജയന് സ്തുതി പാടിയവർ…ഇവരൊക്കെ വെളുപ്പിക്കാൻ നോക്കിയത് ഈ ക്രിമിനൽ സംഘത്തെയാണ്. മറച്ചു വെക്കാൻ ശ്രമിച്ചത് ഈ കമ്മ്യൂണിസ്റ്റ് സംഘപരിവാർ ബാന്ധവത്തെയാണ്. കേരളം ഇതിന് വലിയ വില കൊടുക്കേണ്ടി വരും തീർച്ച!
സാമ്പാർ വാങ്ങാൻ പുറത്തിറങ്ങിയവരെയും, മരുന്നു വാങ്ങാൻ പോയവരെയും വേട്ടയാടിയ ഈ കോവിഡ് കാലത്ത്,
കർശനമായ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾക്കിടയിലാണ് ഇത്രയൊക്കെ കള്ളക്കടത്തു സംഘങ്ങൾ ഈ നാട്ടിൽ ഓടി നടന്നതെന്ന് നാം മറക്കരുത്, കൊള്ള സംഘങ്ങൾ നീട്ടുന്ന എല്ലിൻ കഷ്ണങ്ങളെപ്പോലെ കിറ്റും പെൻഷനും നൽകി നമ്മെ കബളിപ്പിക്കുകയായിരുന്നില്ലേ, കാട്ടിലെ മരങ്ങൾ പോലും ഈ കരുതലിനിടയിലല്ലേ അടിയോടെ പിഴുതു കൊണ്ടു പോയത്.
കള്ളക്കടത്തുകൾ ഏതുമാവട്ടെ! വിശ്വസ്ഥതയോടു കൂടി ചെയ്തു കൊടുക്കുന്ന ഏക സ്ഥാപനം അതിന്നും ക്രിമിനൽ പാർട്ടി ഓഫ് ഇന്ത്യ -മാഫിയ (CPI-M) മാത്രം.