കെഎസ്ആർടിസി പ്രതിസന്ധി: മാനേജ്മെന്‍റിനെ പഴിചാരി മുഖ്യമന്ത്രി; സിംഗിള്‍ ഡ്യൂട്ടിയില്‍ വിട്ടുവീഴ്ചയില്ല

Jaihind Webdesk
Wednesday, September 14, 2022

 

തിരുവനന്തപുരം: കെഎസ്ആർടിസി പ്രതിസന്ധി മാനേജ്മെന്‍റിന്‍റെ തലയിൽ കെട്ടിവെച്ച് മുഖ്യമന്ത്രിയുടെ വിശദീകരണം. സിംഗിൾ ഡ്യൂട്ടി നടപ്പാക്കുന്നതിൽ വിട്ടുവീഴ്ചയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ശമ്പള കുടിശിക നൽകാനാവാത്തത് മാനേജ്മെന്‍റിന്‍റെ കെടുകാര്യസ്ഥതയാണ്. ചിന്താവാരികയിലെ ലേഖനത്തിലാണ് മുഖ്യമന്ത്രിയുടെ വിമർശനം. എന്നാല്‍ ശമ്പള പ്രതിസന്ധിയടക്കമുള്ള വിഷയങ്ങളിൽ ഗതാഗത മന്ത്രിയുടെ വിശദീകരണം മുഖ്യമന്ത്രി തേടിയിട്ടുമില്ല. അതിനിടെ യൂണിയനുകൾക്ക് നൽകി വന്നിരുന്ന സ്ഥലമാറ്റ സംരക്ഷണം വെട്ടിച്ചുരുക്കി മാനേജ്മെന്‍റ് ഉത്തരവ് ഇറക്കി

സംസ്ഥാന സർക്കാർ സഹായിച്ചിട്ടും കെഎസ്ആർടിസിയിലെ ശമ്പള പ്രതിസന്ധിക്ക് പരിഹാരം കാണാനാകാത്തത് മാനേജ്മെന്‍റിന്‍റെ കെടുകാര്യസ്ഥതയാണെന്ന് കുറ്റപ്പെടുത്തിയ മുഖ്യമന്ത്രി കൊവിഡും ഇന്ധനവില വർധനവും പ്രതിസന്ധി രൂക്ഷമാക്കി എന്നും സിപിഎം വാരികയായ ചിന്തയിലെ ലേഖനത്തിൽ പറയുന്നു. കെഎസ്ആർടിസിയെ സ്വയം ഭരണാധികാരമുള്ള മൂന്ന് ലാഭകേന്ദ്രങ്ങളായി വിഭജിക്കും. മാനേജ്മെന്‍റ് തലത്തിൽ ഉദ്യോഗസ്ഥർ കർശന നിലപാട് സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പറയുന്നു.

ഡ്യൂട്ടി പാറ്റേണിലെ മാറ്റങ്ങൾ സമയബന്ധിതമായി നടപ്പിലാക്കാത്തതിനെ മുഖ്യമന്ത്രി ലേഖനത്തിൽ വിമർശിക്കുന്നു. സർക്കാരും മാനേജ്‌മെന്‍റും തൊഴിലാളികളും ഐക്യത്തോടെ പ്രവർത്തിച്ചാലേ കെഎസ്ആർടിസിയെ പൊതുമേഖലയിൽ നിലനിർത്താൻ കഴിയൂ. 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി സമ്പ്രദായം ഒക്ടോബർ 1 മുതൽ നടപ്പിലാക്കും. ഇതു വഴി പ്രതിദിനം 600 അധിക സർവീസും മാസം 25 കോടിയുടെ വരുമാന വർധനവിനും സാധിക്കും.

അതേസമയം തൊഴിലാളി യൂണിയനുകളുടെ സ്ഥലംമാറ്റ സംരക്ഷണം കുറച്ചു കൊണ്ടുള്ള ഉത്തരവിറങ്ങി. 314 പേർക്കുണ്ടായിരുന്ന സംരക്ഷണം 50 ആയി ചുരുക്കി. തെരഞ്ഞെടുപ്പിൽ ലഭിച്ച വോട്ടിന്‍റെ അടിസ്ഥാനത്തിൽ സിഐടിയുവിന് 23, ഐഎന്‍ടിയുസി 15,  ബിഎംഎസ് 12 എന്നിങ്ങനെയാണ് സംരക്ഷണം. കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഭാരവാഹികൾക്ക് ഇനി മുതൽ സ്ഥലം മാറ്റ സംരക്ഷണമുണ്ടാകില്ലെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

അതിനിടെ കെഎസ്ആർടിസി പ്രതിസന്ധി ഉദ്യോഗസ്ഥരുടെ ചുമരിൽ ചാരി രക്ഷപ്പെടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നാണ് ഉയരുന്ന വിമർശനം. ശമ്പള പ്രതിസന്ധി അടക്കമുള്ള വിഷയങ്ങളിൽ ഗതാഗത മന്ത്രിയുടെ വിശദീകരണം മുഖ്യമന്ത്രി തേടിയിരുന്നില്ല. കോർപ്പറേഷനെ കുറ്റപ്പെടുത്തുന്ന മുഖ്യമന്ത്രി എംഡിയായിരുന്ന ബിജു പ്രഭാകറിന് ഗതാഗത വകുപ്പിന്‍റെ അധിക ചുമതലയും നൽകിയിരുന്നു.