മുഖ്യമന്ത്രി പിണറായി വിജയന്റെ കേരളഹൗസ് സന്ദർശനം; ചാണ്ടി ഉമ്മന്റെ ഫ്ലക്സ് മാറ്റാൻ നിർദേശം: പറ്റില്ലെന്ന് അസോസിയേഷൻ ഭാരവാഹികൾ

ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദർശനത്തോടനുബന്ധിച്ച് ഡൽഹി കേരള ഹൗസിൽ ചാണ്ടി ഉമ്മൻ എംഎൽഎയ്ക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചുവെച്ച ഫ്ലക്സ് നീക്കാൻ നിർദ്ദേശം. ഔദ്യോഗിക അറിയിപ്പ് ലഭിക്കും വരെ മാറ്റില്ലെന്ന് അസോസിയേഷൻ ഭാരവാഹികളും അറിയിച്ചു.

പുതുപ്പള്ളി തെരഞ്ഞെടുപ്പിനുശേഷം ചാണ്ടി ഉമ്മൻ എംഎൽഎക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചാണ് കേരള ഹൗസ് ഗേറ്റിനു വെളിയിൽ എൻജിഒ അസോസിയേഷന്റെ നേതൃത്വത്തിൽ അഞ്ചു ദിവസം മുമ്പ് ഫ്ലക്സ് വെച്ചത്. എന്നാൽ മുഖ്യമന്ത്രി ഇന്ന് ഡൽഹിയിൽ എത്തുന്നതിനാൽ ഫ്ലക്സ് തൽസ്ഥലത്തു നിന്നും മാറ്റാൻ ആവശ്യപ്പെട്ട് സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ അസോസിയേഷൻ ഭാരവാഹികളെ സമീപിക്കുകയായിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട യാതൊരുവിധ ഔദ്യോഗിക അറിയിപ്പുകളും തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നാണ് അസോസിയേഷൻ പ്രതിനിധികൾ വ്യക്തമാക്കുന്നത്. അതുകൊണ്ടുതന്നെ കേരള ഹൗസ് ഗേറ്റിനു വെളിയിൽ സ്ഥാപിച്ച അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ടുള്ള ഫ്ലക്സ് തലസ്ഥാനത്തുനിന്നും നീക്കം ചെയ്യേണ്ട എന്ന തീരുമാനത്തിലാണ് അസോസിയേഷൻ ഭാരവാഹികൾ.

അതേസമയം കേരളം നമ്പർ വൺ എന്ന പിണറായി വിജയന് അഭിവാദ്യങ്ങൾ അർപ്പിച്ചുള്ള പോസ്റ്റർ കേരള ഹൗസ് കോമ്പൗണ്ടിനുള്ളിൽ ഇപ്പോഴും മാറ്റാതെ സ്ഥാപിച്ചിട്ടുണ്ട്. കോമ്പൗണ്ടിനുള്ളിൽ സർവീസ് സംഘടനകളുടെ പോസ്റ്ററോ കൊടികളോ സ്ഥാപിക്കാൻ പാടില്ലെന്ന നിയമം കാറ്റിൽപ്പറത്തിയാണ് മുഖ്യമന്ത്രിക്ക് അഭിവാദ്യങ്ങൾ അർപ്പിച്ച് എൻജിഒ യൂണിയൻ കോമ്പൗണ്ടിനകത്ത് പോസ്റ്റർ സ്ഥാപിച്ചിട്ടുള്ളത്. അതിൽ പരാമർശിക്കാതെയാണ് കോമ്പൗണ്ടിന് വെളിയിൽ വെച്ച ഫ്ലക്സ് നീക്കം ചെയ്യാൻ ഉദ്യോഗസ്ഥൻ നിർദ്ദേശിച്ചത്. റസിഡൻസ് കമ്മീഷനരുടെ നിർദ്ദേശത്തോടെയാണ് തുടർന്നാണ് ഫ്ളക്സ് നീക്കം ചെയ്യാൻ ആവശ്യപ്പെട്ടത് എന്നാണ് ഉദ്യോഗസ്ഥൻ നൽകുന്ന മറുപടി.

Comments (0)
Add Comment