സി.പി.എം പരാജയം ഉറപ്പിച്ചു; കണക്കുകളില്‍ പിണറായി വിജയന്‍ ദേഷ്യത്തിലാണ്; മാധ്യമങ്ങളോട് തട്ടിക്കയറ്റം

Jaihind Webdesk
Wednesday, April 24, 2019

ഉയര്‍ന്ന പോളിങ് ശതമാനത്തില്‍ വിജയപ്രതീക്ഷയില്‍ യു.ഡി.എഫ് ക്യാമ്പ്. കണക്കുകള്‍ കൂട്ടിയും കിഴിച്ചും പിഴച്ചെന്ന് ഉറപ്പിച്ചാണ് സി.പി.എം ക്യാമ്പുകള്‍. കണ്ണൂരിലെത്തി വോട്ട് ചെയ്ത ശേഷം ചിരിച്ച മുഖത്തോടെ മാധ്യമങ്ങളോട് സംസാരിച്ച മുഖ്യമന്ത്രി ഇന്ന് പിണറായി ക്ഷുഭിതനായിരുന്നു. കണക്കുകൂട്ടലുകള്‍ പിഴച്ചു എന്നാണോ പിണറായിയുടെ മാറിയ ഭാവം സൂചിപ്പിക്കുന്നത് എന്നാണ് ഉയരുന്ന ചോദ്യം.  കേരളത്തിലെ ഭരണകക്ഷിയായസിപിഎമ്മിനെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ് ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പ്. ഇടത് മുന്നണിയെ കുഴപ്പത്തിലാക്കിയതില്‍ പ്രധാനം ശബരിമല തന്നെയായിരുന്നു.

സംസ്ഥാനത്ത് പോളിംഗ് ശതമാനം ഉയര്‍ന്നപ്പോഴൊക്കെ യുഡിഎഫ് ആണ് നേട്ടമുണ്ടാക്കിയിരുന്നത്. ആ ഒരു പരാജയലക്ഷണം കണ്ടാണോ മുഖ്യമന്ത്രി പിണറായി വിജയന്റെ ഇന്നത്തെ പെരുമാറ്റം എന്നാണ് ഉയരുന്ന ചോദ്യം.
ഇന്നലെ വരെ മാധ്യമങ്ങളോട് നല്ല രീതിയില്‍ പെരുമാറിയ മുഖ്യമന്ത്രി ഇന്ന് രാവിലെ മാധ്യമപ്രവര്‍ത്തകരെ പറപ്പിച്ചു. സംസ്ഥാനത്തെ ഉയര്‍ന്ന പോളിംഗ് ശതമാനത്തെ കുറിച്ച് മുഖ്യമന്ത്രിയുടെ പ്രതികരണമറിയാന്‍ എറണാകുളത്തെ ഗസ്റ്റ് ഹൗസിന് മുന്നില്‍ മുഖ്യമന്ത്രിയെ കാത്ത് നില്‍ക്കുകയായിരുന്നു മൈക്കുമായി മാധ്യമപ്രവര്‍ത്തകര്‍. രാവിലെ പിണറായി വിമാനത്താവളത്തിലേക്ക് പുറപ്പെടാന്‍ ഗസ്റ്റ് ഹൗസിന് പുറത്തേക്ക് വന്നപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ മൈക്കുമായി സമീപത്തേക്ക് ചെന്നു. ഉയര്‍ന്ന പോളിംഗിനെ കുറിച്ചുളള ചോദ്യം പൂര്‍ത്തിയാക്കും മുന്‍പ് മുഖ്യമന്ത്രി ചുവന്ന മുഖത്തോടെ പൊട്ടിത്തെറിച്ചു. ”മാറി നില്‍ക്ക് അങ്ങോട്ട്” എന്നായിരുന്നു മുഖത്തടിച്ചത് പോലെയുളള മുഖ്യമന്ത്രിയുടെ പ്രതികരണം. മറ്റൊന്നും മിണ്ടാതെ ഉടന്‍ തന്നെ മുഖ്യമന്ത്രി കാറില്‍ കയറി പോവുകയും ചെയ്തു. ഒട്ടും പ്രതീക്ഷിക്കാതെയുളള മുഖ്യമന്ത്രിയുടെ ഈ ഭാവമാറ്റം കണ്ട് മാധ്യമപ്രവര്‍ത്തകരും അന്തം വിട്ട് നിന്നു.

2014ലെ ലോക്സഭാ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത്തവണ സംസ്ഥാനത്ത് ഉയര്‍ന്ന പോളിംഗ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. 77.68 ശതമാനമാണ് പോളിംഗ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ വര്‍ധനവ് തങ്ങള്‍ക്ക് നേട്ടമാകും എന്നാണ് ഇടതുമുന്നണിയുടെ കണക്ക് കൂട്ടല്‍.. പിണറായിയുടെ ഭാവമാറ്റത്തിന് ഈ കണക്ക് കൂട്ടലുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നത് കണ്ടറിയണം.

പോളിംഗ് ശതമാനം ഉയര്‍ന്നതിന്റെ കാരണം മുഖ്യമന്ത്രിക്ക് മനസ്സിലായിക്കഴിഞ്ഞു എന്നാണ് ഇതേക്കുറിച്ച് കോണ്‍ഗ്രസ് നേതാവ് വിഡി സതീശന്റെ പ്രതികരണം. മുഖ്യമന്ത്രിയുടെ മുഖംമൂടി അഴിഞ്ഞ് ശരിയായ മുഖം പുറത്ത് വന്നിരിക്കുന്നു. തിരഞ്ഞെടുപ്പിനായി മിനുക്കി നടന്ന മുഖം അദ്ദേഹം ഉപേക്ഷിച്ചതായും സതീശന്‍ പരിഹസിച്ചു.
നേരത്തെയും മാധ്യമപ്രവര്‍ത്തകരോട് ഇത്തരത്തില്‍ രോഷം പ്രകടിപ്പിച്ചിട്ടുണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. 2017 ജൂലൈയില്‍ ആയിരുന്നു ആ സംഭവം. തിരുവനന്തപുരത്ത് ബിജെപി നേതാക്കളുമായി നടത്തിയ സമാധാന ചര്‍ച്ചയ്ക്കിടെയാണ് കുപ്രസിദ്ധമായ ‘കടക്ക് പുറത്ത്’ എന്ന പ്രയോഗം മാധ്യമങ്ങള്‍ക്ക് നേരെ പിണറായി വിജയന്‍ പ്രയോഗിച്ചത്. ഇത് വലിയ വിവാദവും ആയിരുന്നു.