പി.വി അന്‍വറിനെ ചേര്‍ത്തുപിടിച്ചും അജിത്കുമാറിനെ കൈവിട്ടും പിണറായി വിജയന്‍; പി. ശശിയുടെ കാര്യത്തില്‍ തീരുമാനമെന്ത്?

 

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയും പോലീസിനെ നിയന്ത്രിക്കുന്ന ഉന്നതര്‍ക്കെതിരെയും ഗുരുതര ആരോപണങ്ങളാണ് ഭരണപക്ഷ എംഎല്‍എ ആയ പി.വി അന്‍വര്‍ ഉന്നയിച്ചത്. മുഖ്യമന്ത്രിയുടെ വിശ്വസ്തര്‍ക്ക് എതിരെയും, ആഭ്യന്തരം വകുപ്പിന് നേരെയും ഉയര്‍ന്ന ആരോപണങ്ങള്‍ പ്രതിരോധിക്കാനുള്ള നീക്കത്തിലാണ് പിണറായി വിജയനും സംഘവും. എഡിജിപി എം.ആര്‍ അജിത്കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്നും നീക്കം ചെയ്തുവെങ്കിലും, ഗുരുതര ആരോപണം ഉന്നയിച്ച പി.വി അന്‍വറിനെ ചേര്‍ത്തുപിടിക്കുന്ന സമീപനമാണ് പിണറായി വിജയന്‍ സ്വീകരിച്ചത്. അജിത് കുമാറിനെ കൈവിട്ട മുഖ്യമന്ത്രി പി ശശിയുടെ കാര്യത്തില്‍ എന്ത് തീരുമാനം കൈക്കൊള്ളുമെന്ന ആകാംഷയിലാണ് രാഷ്ട്രീയ കേരളം.

മുഖ്യമന്ത്രിയുടെ ഓഫീസിനെയും, സംസ്ഥാന പൊലീസ് സംവിധാനത്തെയും ആരോപണത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയത് ഭരണപക്ഷ എംഎല്‍എയായ പിവി അന്‍വര്‍. അന്‍വറിന്റെ വെളിപ്പെടുത്തലിന് പിന്നാലെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി ആഭ്യന്തരവകുപ്പ് അടക്കി വാഴുന്നുവെന്ന പ്രതീതി ഉണ്ടാവുകയും, പിണറായി വിജയന് വകുപ്പില്‍ നിയന്ത്രണമില്ല എന്ന തരത്തിലുള്ള ആക്ഷേപങ്ങളും ഇതിനോടകം ഉയര്‍ന്നു കഴിഞ്ഞു. തന്റെ വകുപ്പായ ആഭ്യന്തരത്തിന് നേരെയുള്ള ആക്ഷേപം ഏതു രീതിയില്‍ മറികടക്കാമെന്ന കടുത്ത ആലോചനയിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിനൊടുവിലാണ് എഡിജിപി എംആര്‍ അജിത്കുമാറിനെ മുഖ്യമന്ത്രി കൈവിടുന്നത്. കോട്ടയത്ത് നടക്കുന്ന പൊലീസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളന സമാപന വേദിയില്‍ എഡിജിപിയെ വേദിയിലിരുത്തിക്കൊണ്ടു തന്നെ ഉയര്‍ന്ന ആരോപണങ്ങളില്‍ മുഖ്യമന്ത്രി അന്വേഷണവും പ്രഖ്യാപിച്ചു.

എഡിജിപിക്ക് പുറമേ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെയും അന്‍വര്‍ ഗുരുതര ആരോപണങ്ങളാണ് ഉയര്‍ത്തിയത്. പി ശശിയ്ക്കാണ് ആഭ്യന്തരവകുപ്പിന്റെ ചുമതലയെന്നും ശശിയാണ് അജിത് കുമാറിന് പിന്തുണ നല്‍കുന്നതെന്നുമായിരുന്നു അന്‍വറിന്റെ വാദം. അജിത് കുമാറിനെ കൈവിട്ട മുഖ്യമന്ത്രി ഇനി പി ശശിയുടെ കാര്യത്തില്‍ എന്ത് തീരുമാനമാകും കൈക്കൊള്ളുക എന്നാണ് കണ്ടറിയേണ്ടത്. പക്ഷേ അപ്പോഴും ഇടത് സര്‍ക്കാരിനെ ഒന്നാകെ പ്രതിക്കൂട്ടിലാക്കിയ പി വി അന്‍വര്‍ എംഎല്‍എയെ ചേര്‍ത്തു പിടിക്കുകയാണ് പിണറായി വിജയന്‍.

എക്കാലവും പാര്‍ട്ടി സംരക്ഷിച്ച് നിര്‍ത്തിയ അന്‍വറിന് ഈ വിഷയത്തിലും പാര്‍ട്ടി പിന്തുണയുണ്ടെന്ന് ഉറപ്പാക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. അധോലോക ബന്ധമുള്ള ക്രിമിനലുകളാണ് സേനാ തലപ്പത്തെന്ന അന്‍വറിന്റെ ആരോപണം ശരിവെച്ചാണ് അന്വേഷണം പ്രഖ്യാപിച്ചതും സ്ഥാനത്ത് നിന്നും നീക്കാനുളള നടപടികളിലേക്കും മുഖ്യമന്ത്രിയെത്തിയത്.

അതെ സമയം സിപിഎമ്മിലെ തന്നെ ഒരു വിഭാഗത്തിന്റെ പിന്‍ബത്തോടെയാണ് മുഖ്യമന്ത്രിയുടെ വലംകൈയായ പി ശശിക്കെതിരെ ഉള്‍പ്പെടെ പിവി അന്‍വര്‍ രംഗത്തെത്തിയത് എന്നാണ് സൂചന. പാര്‍ട്ടിക്ക് അതീതരായി വളരാന്‍ ആരെയും അനുവദിക്കില്ല എന്ന് പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് വിവാദങ്ങള്‍ ഒന്നൊന്നായി വന്നത് എന്നതും ശ്രദ്ധേയമാണ്. എന്തായാലും ഇടതുപക്ഷ എംഎല്‍എ തന്നെ ഉയര്‍ത്തിയ ആരോപണങ്ങളില്‍ ആടിയുലയുകയാണ് ഇടത് സര്‍ക്കാര്‍. മുഖ്യമന്ത്രിയുടെ പ്രതിഛായയ്ക്കു കോട്ടം തട്ടാതെ, അതെ സമയം പിവി അന്‍വറിനെ പിണക്കാതെയുള്ള പരിഹാരമാണ് പാര്‍ട്ടിയും സര്‍ക്കാരും തലപുകഞ്ഞ് ആലോചിക്കുന്നത്.

Comments (0)
Add Comment