‘ഒരേ വിഷയത്തില്‍ രണ്ട് നിലപാട്’; മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഉയര്‍ത്തി പ്രവാസികളുടെ രോഷം, സമൂഹമാധ്യമങ്ങളില്‍ ട്രോള്‍ വര്‍ഷവും

വിദേശ രാഷ്ട്രങ്ങളില്‍ നിന്ന് മലയാളികളെ ചാര്‍ട്ടേഡ് ഫ്‌ളൈറ്റില്‍ മടക്കിക്കൊണ്ടു വരുന്നതിന് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ ഉത്തരവിനെതിരെ സമൂഹമാധ്യമങ്ങളില്‍   രോഷമുയരുന്നു. ഇതേ വിഷയവുമായി ബന്ധപ്പെട്ട്  മൂന്നുമാസങ്ങൾക്ക് മുൻപ് മുഖ്യമന്ത്രി ഫേസ്ബുക്കിലെഴുതിയ കുറിപ്പുയര്‍ത്തിയാണ് പ്രവാസികളടക്കം പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.

ഇറ്റലിയിൽ നിന്നും ഇന്ത്യയിലേക്ക് വരുന്നതിന് യാത്രക്കാർക്ക് കൊവിഡ് 19 ടെസ്റ്റ് നടത്തി രോഗബാധ ഇല്ലെന്ന് ഉറപ്പു വരുത്തിയാൽ മാത്രമേ യാത്ര ചെയ്യാൻ അനുമതി നൽകൂ എന്ന കേന്ദ്ര നിർദ്ദേശം പിൻവലിക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രത്തിന് കത്തെഴുതിയിരുന്നു.  ഇക്കാര്യം അദ്ദേഹം ഫെയ്സ്ബുക്കിലും വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇന്ന് അദ്ദേഹം ഈ നിലപാട് മാറ്റി, ചാർട്ടേര്‍ഡ് വിമാനങ്ങളിൽ വരുന്ന പ്രവാസികൾക്ക് കൊവിഡ് പരിശോധന വേണമെന്ന  നിലപാട് സ്വീകരിക്കുകയാണ്. ഇതിനെതിരെയാണ്  പ്രവാസികൾ രോഷം ഉയർത്തുന്നത്. മുഖ്യമന്ത്രി പുതിയ തീരുമാനം പിൻവലിക്കണമെന്നും ആവശ്യമുയരുന്നു. സമൂഹമാധ്യമങ്ങളിലും ട്രോളുകൾ നിറയുകയാണ്.

സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിപക്ഷവും രംഗത്തെത്തി.  വിദേശ രാഷ്ട്രങ്ങളില്‍ നിന്ന് മലയാളികളെ ചാര്‍ട്ടേഡ് ഫ്‌ളൈറ്റില്‍ മടക്കിക്കൊണ്ടു വരുന്നതിന് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ ഉത്തരവ് തിരുത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

വന്ദേഭാരത് മിഷന് ഇല്ലാത്ത ഈ നിബന്ധന വല്ലാത്ത ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. സ്വന്തമായി ടിക്കറ്റെടുക്കാന്‍ പോലും കഴിവില്ലാത്തവരെയാണ് ഗള്‍ഫ് മേഖലയിലെ സന്നദ്ധ സംഘടനകള്‍ ചാര്‍ട്ടേഡ് ഫ്‌ളൈറ്റുകള്‍ സംഘടിപ്പിച്ച് കേരളത്തിലെത്തിക്കാന്‍ ശ്രമിക്കുന്നത്. ഗള്‍ഫ് മേഖലയില്‍ കൊവിഡ് ടെസ്റ്റ് നടത്തുകയും നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നേടുകയും ചെയ്യുന്നത് വളരെ പണച്ചിലവുള്ളതും ബുദ്ധിമുട്ടേറിയതുമായ കാര്യമാണ്. ഫ്‌ളൈറ്റിന് മുമ്പ് 48 മണിക്കൂറിനുള്ളില്‍ ടെസ്റ്റ് നടത്തി സർട്ടിഫിക്കറ്റ് നേടുക ഗള്‍ഫില്‍ അപ്രായോഗികവുമാണ്. ചാര്‍ട്ടേഡ് ഫ്‌ളൈറ്റ് ആയതു കൊണ്ടു മാത്രം ഇവര്‍ കൊവിഡ് ടെസ്റ്റ് നടത്തി ഫലം നെഗറ്റീവ് ആണെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് പറയുന്നത് ക്രൂരതയാണ്. മറ്റ് ഫ്‌ളൈറ്റുകളില്‍ ആളുകളെ കൊണ്ടു വരുന്നത് പോലെ അവിടെ പ്രാഥമിക പരിശോധന നടത്തി ഇവരെയും കൊണ്ടു വരണം. എന്നിട്ട് ഇവിടെ ആവശ്യമായ പരിശോധനകളും നടത്തുകയും കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ചുള്ള നടപടികള്‍ക്ക് വിധേയരാക്കുകയും വേണം.

കൊവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവ് ആണെന്ന് ബോധ്യപ്പെടുന്നവരെ മാത്രമേ വിദേശത്ത് നിന്ന് കൊണ്ടു വരാവൂ എന്ന കേന്ദ്ര വ്യോമയാന വകുപ്പിന്‍റെ ഉത്തരവിനെതിരെ 2020 മാര്‍ച്ച് 12 ന് നിയമസഭ ഐക്യകണ്‌ഠേന പ്രമേയം പാസാക്കിയിട്ടുണ്ട് എന്നത് സര്‍ക്കാര്‍ മറന്നു പോകരുത്. അന്ന് മുഖ്യമന്ത്രിയാണ് പ്രമേയം അവതരിപ്പിച്ചത്. ഇറ്റലിയില്‍ നിന്നും റപ്പബ്‌ളിക്ക് ഓഫ് കൊറിയയില്‍ നിന്നും മലയാളികളെ മടക്കിക്കൊണ്ടു വരുന്നതിന് കൊവിഡ് ടെസ്റ്റ് നടത്തണമെന്ന് കേന്ദ്ര വ്യോമയാന വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചതിനെതിരെയായിരുന്നു ആ പ്രമേയം. അന്ന് അതിനെതിരെ നിലപാടെടുത്തവര്‍ തന്നെ ഇപ്പോള്‍ അതേ നിബന്ധന ഏര്‍പ്പെടുത്തുന്നത് വിചിത്രമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Comments (0)
Add Comment