ശബരിമല വിഷയത്തിൽ ന്യായീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്. ശബരിമല വിഷയത്തില്‍ തന്റെ നിലപാട് ധാര്‍ഷ്ട്യമാണെങ്കില്‍ അത് ഇനിയും തുടരുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് നേരിട്ട കനത്ത പരാജയം താല്‍ക്കാലികമാണെന്നും തോല്‍വി ഗൌരവത്തോടെയാണ് കാണുന്നതെന്നും പിണറായി വിജയന് പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഏറ്റ കനത്ത പരാജയത്തിന് പിന്നാലെ മുഖ്യമന്ത്രിക്കെതിരെ ഇടതുമുന്നണിക്കുള്ളില്‍ത്തന്നെ മുറുമുറുപ്പ് നിലനില്‍ക്കുന്നുണ്ട്. ശബരിമല ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യം നിറഞ്ഞ നിലപാട് തെറ്റായിപ്പോയെന്ന് പല കോണുകളില്‍ നിന്നും വിമര്‍ശനമുയര്‍ന്നിരുന്നു. വിശ്വാസി സമൂഹത്തെ വ്രണപ്പെടുത്തിയ നിലപാട് ഇടതുമുന്നണിക്ക് തിരിച്ചടിയായെന്ന് ഭൂരിപക്ഷം നിരീക്ഷിക്കുമ്പോഴും ഇക്കാര്യത്തില്‍ മുഖ്യമന്ത്രി തന്റെ ധാര്‍ഷ്ട്യം തുടരുകയാണ്. സ്ത്രീകളുടെ അവകാശ സംരക്ഷണത്തിന് വ്യക്തമായ കാഴ്ചപ്പാടുണ്ടെന്നും തന്റെ നിലപാട് ധാർഷ്ട്യമാണെങ്കിൽ ഇനിയും അത് തുടരുമെന്നുമായിരുന്നു മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കിയത്.
ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ യാതൊരു ധൃതിയും കാണിച്ചിട്ടില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി നവോത്ഥാനസംരക്ഷണത്തിനായി നിലകൊള്ളുമെന്നും നിയമസഭയില്‍ പറഞ്ഞു. സ്വന്തം പാര്‍ട്ടിക്കുള്ളില്‍ തന്നെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ പെരുകുമ്പോള്‍ പീഡകരെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. അതേസമയം പാര്‍ട്ടിക്കുള്ളിലെ പീഡനപരാതികളില്‍ ഇരയ്ക്ക് നീതി കിട്ടാത്ത സാഹചര്യത്തില്‍ എന്ത് സ്ത്രീസംരക്ഷണവും നവോത്ഥാനവും എന്നാണ് പൊതുസമൂഹം ഉയര്‍ത്തുന്ന ചോദ്യം.