കൊച്ചി : നരേന്ദ്ര മോദിയുടെ ഡ്യൂപ്ലിക്കേറ്റ് ആണ് പിണറായി വിജയനെന്ന് എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സിംഗ് സുർജെവാല. പിണറായിയുടെ ഭരണം മൂലം ഉണ്ടായ ആറു ദുരന്തങ്ങൾ കേരളത്തെ വികസന കാര്യത്തിൽ പുറകോട്ട് അടിച്ചതായും രൺദീപ് സിംഗ് സുർജേവാല കൊച്ചിയിൽ പറഞ്ഞു. വഞ്ചനയും, കാപട്യവും, സത്യസന്ധതയില്ലായ്മയുമാണ് കേരളത്തിലെ കഴിഞ്ഞ അഞ്ചുവർഷത്തെ പിണറായി സർക്കാരിന്‍റെ മുഖമുദ്ര. അവനവനെ കേന്ദ്രീകരിച്ചുള്ള ഭരണത്തിലും ഏകാധിപത്യ രീതികളിലും നരേന്ദ്ര മോദിയുടെ തനിപ്പകർപ്പാണ് പിണറായി എന്നും രൺദീപ് സിംഗ് സുർജേവാല പറഞ്ഞു.
കേരളത്തിന്‍റെ മുന്നോട്ടു പോക്കിനെ ‘പിണറായി ണോമിക്സ്’ തകർത്തു. ‘പിണറായി ആധിപത്യം’ കേരളത്തിന്‍റെ വളർച്ചയുടെ ദിശ തെറ്റിച്ചു. ‘പിണറായി ഇടപാടുകൾ’ സിപിഎം-ബിജെപി ധാരണക്ക് വഴിവെച്ചു എന്നും അദ്ദേഹം
പറഞ്ഞു. കേരളത്തെ സാമ്പത്തികമായി തകർത്തു, കർഷകരെ വഞ്ചിച്ചു, കുടിവെള്ളം നിഷേധിച്ചു, പട്ടികജാതിക്കാർക്കെതിരെയുള്ള അതിക്രമങ്ങൾ കൂടി, യുവാക്കളുടെ തൊഴിലും ഭാവിയും തല്ലിക്കൊഴിച്ചു, വിവിധ സാമ്പത്തിക അഴിമതികൾ എന്നിങ്ങനെ പിണറായി ഭരണത്തിലെ 6 ദുരന്തങ്ങൾ സുർജേവാല വാർത്താ സമ്മേളനത്തിൽ വിവരിച്ചു.
എൽ. ഡി. എഫ് സർക്കാരിന്‍റെ കീഴിൽ കേരളത്തിന്‍റെ വളർച്ചാ നിരക്ക് പകുതിയായി. കഴിഞ്ഞ 5 വർഷങ്ങളിൽ ഓരോ ദിവസവും കേരളം 90.62 കോടി രൂപ കടമെടുത്തു. കേന്ദ്രവും സംസ്ഥാനവും അരി സംഭരിക്കാത്തതിലൂടെ കർഷകരെ കബളിപ്പിച്ചു. മോദി-വിജയൻ ദ്വയം കേരളത്തിലെ ജനങ്ങളെ വഞ്ചിച്ചു. 67 ലക്ഷം വീടുകളിൽ 19.1 ലക്ഷം (28%) പേർക്കേ കുടിവെള്ള കണക്ഷനുകൾ ഉള്ളൂ. 2020 ജൂലൈ 31 ലെ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് രജിസ്റ്റർ പ്രകാരം 34.30 ലക്ഷം തൊഴിൽരഹിതർ കേരളത്തിലുണ്ട്.
2020 ലെ PLFS പ്രകാരം ഇന്ത്യയിൽ ഏറ്റവും തൊഴിലില്ലായ്മയുള്ള സംസ്ഥാനമാണ് കേരളം. 40.5% ആണ് കേരളത്തിലെ തൊഴിലില്ലായ്മാ നിരക്കെന്നും രൺദീപ് സിംഗ് സുർജേവാല വാർത്താ സമ്മേളനത്തിൽ പറഞ്ഞു കെപിസിസി വർക്കിംഗ് പ്രസിഡന്‍റ് പ്രൊഫ. കെ.വി തോമസ്, ദേശീയ വക്താവ് മധു ഗൗഡെ തുടങ്ങിയവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.