സ്വർണ്ണക്കടത്ത് കേസ് ഒഴിവാക്കാന്‍ ആരും വിളിച്ചിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ വാദം പൊളിയുന്നു; ഡിപ്ലോമാറ്റ് ബാഗേജ് എത്തുന്നതിന് മുൻപ് ഫോൺ വിളി തുടങ്ങി; വെളിപ്പെടുത്തൽ കസ്റ്റംസ് കമ്മീഷണറുടേത്| VIDEO

Jaihind News Bureau
Wednesday, July 8, 2020

 

സ്വര്‍ണ്ണക്കടത്ത് കേസ് ഒഴിവാക്കാന്‍ തന്‍റെ ഓഫീസില്‍ നിന്നും ആരും വിളിച്ചിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ വാദം പൊളിയുന്നു. ഡിപ്ലോമാറ്റ് ബാഗേജ് എത്തുന്നതിനു മുന്‍പ് തന്നെ ഫോണ്‍ കോളുകള്‍ എത്തിയിരുന്നതായി കസ്റ്റംസ് പ്രിവന്‍റീവ്  കമ്മീഷണര്‍ സുമിത് കുമാര്‍ വ്യക്തമാക്കിയതായി പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

കേസ് രജിസ്റ്റർ ചെയ്യുന്നതിനു മുന്‍പ് കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചവരെയെല്ലാം ചോദ്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ബാഗേജിന്‍റെ വിവരം വിളിച്ചവർ എങ്ങനെ അറിഞ്ഞു, വിളിച്ചവരുടെ താല്‍പ്പര്യം എന്നീ സംശയങ്ങളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. ബാഗേജുമായി ബന്ധമില്ലാത്തവരെന്തിനാണ് കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.  കാർഗോയില്‍ ബാഗേജ് എത്തിയാല്‍ ക്ലിയർ ചെയ്യാന്‍ 2-3 ദിവസമെടുക്കും. അതിന് മുന്‍പ് തന്നെ വിളി തുടങ്ങിയിരുന്നു. അനാവശ്യ താല്‍പര്യമെടുത്തവരുടെ യഥാർത്ഥ ലക്ഷ്യം കണ്ടെത്തുമെന്നും സുമിത് കുമാര്‍ പറഞ്ഞു.