‘ഭരണഘടന വെറുതെയല്ല, പൗരസ്വാതന്ത്ര്യം അടിയറ വെക്കില്ല’ ; പിണറായിയെ തിരിഞ്ഞുകൊത്തി പഴയ പോസ്റ്റ് ; വ്യാപക വിമർശനം

Jaihind News Bureau
Monday, November 23, 2020

 

തിരുവനന്തപുരം : മാധ്യമങ്ങളെയും സമൂഹമാധ്യമങ്ങളെയും അടക്കം കൂച്ചുവിലങ്ങിടാവുന്ന തരത്തിൽ പൊലീസ്​ നിയമം ഭേദഗതി ചെയ്​ത പശ്ചാത്തലത്തിൽ  മുഖ്യമന്ത്രി പിണറായി വിജയനെ തിരിഞ്ഞുകൊത്തി പഴയ ഫേസ്​ബുക്ക്​ പോസ്​റ്റ്​. ”ഭരണഘടന വെറുതെയല്ല. പൗരസ്വാതന്ത്ര്യം അടിയറ വെക്കില്ല” എന്ന തലക്കെട്ടിൽ 2014 ആഗസ്ത് 15ന് മോദി സര്‍ക്കാരിനെ വിമർശിച്ച്​ എഴുതിയ കുറിപ്പാണ്​ ഇപ്പോൾ ചർച്ചയാകുന്നത്​.

‘പൗരൻെറ അഭിപ്രായ സ്വാതന്ത്ര്യം പ്രധാനമാണ്. സാമൂഹ്യ മാധ്യമം നൽകുന്ന സാധ്യതകൾ വാരിക്കോരി ഉപയോഗപ്പെടുത്തി ഭരണത്തിലെത്തിയ സർക്കാരാണ് നരേന്ദ്ര മോഡിയുടെത്. ജനവിരുദ്ധമായ നിയമ സംഹിതകൾ കൊണ്ട് തച്ചുതകർക്കാവുന്നവയല്ല പൗരസ്വാതന്ത്ര്യമെന്ന് പ്രഖ്യാപിക്കാൻ നവമാധ്യമത്തിൽ ഇടപെടുന്ന എല്ലാവരും മുന്നോട്ടു വരേണ്ടതുണ്ട് ‘ ഇങ്ങനെ ആയിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ ആഹ്വാനം.

സമൂഹ മാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള   മോദി സർക്കാറിൻെറ നീക്കത്തിനെതിരെയായിരുന്നു പോസ്​റ്റ്​. എന്നാൽ, അതിനേക്കാൾ രൂക്ഷമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന നിയമ ഭേദഗതിയാണ്​ ഇപ്പോൾ പിണറായി സർക്കാർ നടപ്പാക്കുന്നത്​. മുഖ്യമന്ത്രി പറയുന്ന വാക്കും ചെയുന്ന പ്രവർത്തിയും രണ്ടു കോണിൽ ആണെന്നുള്ളതിന് അടുത്തൊരു തെളിവ് കൂടി വരികയാണ്. വ്യക്​തിക​ൾക്ക് അപമാനകരമായ രീതിയിൽ ഏതെങ്കിലും കാര്യങ്ങൾ പ്രചരിപ്പിച്ചാൽ അ​ഞ്ച്​ വ​ർ​ഷം വ​രെ ത​ട​വ്​ ശി​ക്ഷ​യും പി​ഴ​യും ല​ഭി​ക്കും വിധമാണ്​ കേരള​ പൊലീസ്​ ആക്​ടിൽ ഭേ​ദ​ഗ​തി വരുത്തിയിരിക്കുന്നത്​. വാ​റ​ൻ​റി​ല്ലാ​തെ​ത​ന്നെ അ​റ​സ്​​റ്റ്​ ചെ​യ്യാ​നും ഇതുവഴി പൊ​ലീ​സി​ന്​ ക​ഴി​യും.

സൈ​ബ​ർ ഇടങ്ങളിലെ അ​ധി​ക്ഷേ​പം ത​ട​യാ​ൻ എന്ന പേരിലാണ്​ നിയമഭേദഗതി കൊണ്ടുവന്നതെങ്കിലും വിജ്ഞാപനത്തിൽ എല്ലാ തരം മാധ്യമങ്ങളെയും ഉൾപ്പെടുത്തുന്നുണ്ട്​. അത് പ്രകാരം എത് തരം വിനിമയോപാധിയിലൂടെയുള്ള വ്യാജപ്രചാരണവും കുറ്റകരമാകും. ഇതിൻെറ മറവിൽ​ മാധ്യമസ്വാതന്ത്ര്യത്തിന്​ തന്നെ കൂച്ചുവിലങ്ങിടാനാണ്​ ശ്രമമെന്ന്​ നിയമ വിദഗ്​ധരും പ്രതിപക്ഷവും ചൂണ്ടിക്കാട്ടുന്നു. അതോടൊപ്പം സംസ്ഥാന സർക്കാരിനെതിരെയും പാർട്ടിക്കെതിരെയും ഗുരുതര ആരോപണങ്ങൾ ഉയരുന്ന സാഹചര്യത്തിൽ അതിൽ നിന്നും രക്ഷപ്പെടാനുള്ള സർക്കാരിന്റെ അടവ് നയമായും നിയമഭേദഗതിയെ വിലയിരുത്തപ്പെടുന്നു.