മുഖ്യമന്ത്രിയുണ്ട് പക്ഷേ സ്ഥാനാര്‍ത്ഥിയില്ല: പി. ജയരാജനെ മാറ്റിനിര്‍ത്തി പിണറായി വിജയന്റെ വോട്ടുപിടിത്തം

കോഴിക്കോട്: ഒടുവില്‍ വടകരയില്‍ വോട്ടുചോദിച്ച് പിണറായി വിജയന്‍ എത്തി. സി.പി.എം കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറി പി. ജയരാജനാണ് വടകരയിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി. എന്നാല്‍ മുഖ്യമന്ത്രി പങ്കെടുത്ത തെരഞ്ഞെടുപ്പ് പൊതുപരിപാടികളിലൊന്നും സ്ഥാനാര്‍ത്ഥിയില്ലായിരുന്നു. മണ്ഡലത്തില്‍ കൊയിലാണ്ടി, വടകര, കുറ്റ്യാടി എന്നിവിടങ്ങളിലാണ് കഴിഞ്ഞദിവസം തെരഞ്ഞെടുപ്പ് റാലികളും സമ്മേളനവും നടന്നത്. മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയായതിനാല്‍ മണ്ഡലത്തിന്റെ വിവിധ സ്ഥലങ്ങളില്‍നിന്നും ആളുകളെ എത്തിച്ചിരുന്നു.

എന്നാല്‍ പിണറായി പ്രസംഗിച്ച മൂന്നിടങ്ങളിലും സ്ഥാനാര്‍ഥി പി ജയരാജന്റെ അസാന്നിധ്യമായിരുന്നു ശ്രദ്ധേയമായത്. കണ്ണൂരില്‍ പി. ജയരാജന്റെ തന്നിഷ്ടരാഷ്ട്രീയം ഇല്ലാതാക്കാനായാണ് വടകരയില്‍ സ്ഥാനാര്‍ഥിയാക്കിയതെന്ന വാര്‍ത്തകള്‍ സ്ഥിരീകരിക്കുന്ന നിലയിലാണ് കാര്യങ്ങളുടെ പോക്ക്. വടകര മണ്ഡലത്തില്‍ പ്രമുഖര്‍ പങ്കെടുത്ത പ്രധാന പരിപാടികളിലെല്ലാം ഏതെങ്കിലും ഒരു സമയം ജയരാജന്‍ എത്തിയിരുന്നു.

മുഖ്യമന്ത്രി വടകര മണ്ഡലത്തിലുണ്ടായിരുന്ന ഏപ്രില്‍ 11ന് കൂത്തുപറമ്പ് മണ്ഡലത്തിലാണ് ജയരാജന്റെ പര്യടനം ഉണ്ടായിരുന്നത്. ആദ്യം പിണറായി പങ്കടുത്ത കൊയിലാണ്ടിയല്‍ സ്ഥാനാര്‍ഥിക്ക് എത്തിച്ചേരാന്‍ കഴിയാഞ്ഞിട്ടാണെങ്കില്‍ മറ്റ് രണ്ടു സ്ഥലങ്ങളിലും വോട്ടര്‍മാര്‍ക്കിടയില്‍ ചലനമുണ്ടാക്കാന്‍ ജയരാജന്‍ എത്തുമെന്ന പ്രതീക്ഷയിലായിരുന്നു അണികള്‍. എന്നാല്‍ ഇതും വെറുതെയായി.

വടകരയിലെ പ്രധാന തെരഞ്ഞെടുപ്പ് ചര്‍ച്ചാ വിഷയമായ അക്രമരാഷ്ട്രീയത്തെക്കുറിച്ച് മൗനം പാലിച്ചുകൊണ്ടായിരുന്നു പിണറായി വിജയന്റെ പ്രസംഗങ്ങള്‍. പാര്‍ട്ടി പ്രതിസ്ഥാനത്തുനില്‍ക്കുന്ന കൊലപാതങ്ങളെയും അക്രമങ്ങളെയും കുറിച്ച് ഒന്നും മുഖ്യമന്ത്രിയുടെ പ്രസംഗത്തിലുണ്ടായിരുന്നില്ല. യു.ഡി.എഫും അവരെ പിന്തുണയ്ക്കുന്ന ആര്‍.എം.പി ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ സി.പി.എമ്മിന്റെ അക്രമരാഷ്ട്രീയത്തെക്കുറിച്ചും അതിന്റെ സൂത്രധാരനായ ജയരാജനെയും പ്രതികൂട്ടില്‍ കയറ്റുമ്പോള്‍ ജയരാജനെ ന്യായീകരിക്കാനും പിണറായി മുതിര്‍ന്നില്ല.

ദേശീയ സാഹചര്യങ്ങളും വയനാട്ടിലെ രാഹുലിന്റെ സ്ഥനാര്‍ഥിത്വവുമെല്ലാം പ്രസംഗത്തില്‍ പരാമര്‍ശിച്ചു. അവസാനം നാലുവരിയില്‍ വടകരയിലെ സ്ഥാനാര്‍ഥിയെകുറിച്ച് പറഞ്ഞ് വോട്ടഭ്യര്‍ത്ഥിച്ചാണ് പ്രസംഗം നിര്‍ത്തിയത്. മൂന്നിടങ്ങളിലും ഇതായിരുന്നു അവസ്ഥ.

കഴിഞ്ഞ പാര്‍ട്ടി സമ്മേളനകാലത്താണ് പി ജയരാജന്റെ വ്യക്തിപ്രഭാവം പൊലിപ്പിച്ച് കണ്ണൂരില്‍ ഇറങ്ങിയ വീഡിയോ പാര്‍ട്ടിതലത്തില്‍ ചര്‍ച്ചയായത്. സിപിഎമ്മിന്റെ കേരളത്തിലെ തട്ടകമായ കണ്ണൂര്‍ ജയരാജനെന്ന ഒറ്റയാന്റെ കൈപ്പിടിയിലാകുമെന്ന തോന്നലാണ് പിണറായി വിജയനെയും കോടിയേരിയെയും മാറി ചന്തിക്കാന്‍ പ്രേരിപ്പിച്ചത്. ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്നും ജയരാജനെ മാറ്റാനുള്ള നീക്കം കണ്ണൂരിലെ ഏരിയാ നേതൃത്വങ്ങളുടെ ഇടപെടലിലൂടെ പാളുകയായിരുന്നു. പിന്നീടാണ് ലോക്സഭ തെരഞ്ഞെടുപ്പില്‍ ജയരാജനെ നിര്‍ത്തി ഒതുക്കാനുള്ള ശ്രമം പാര്‍ട്ടിയില്‍ നടന്നത്.

കണ്ണൂരിലെ പാര്‍ട്ടി യോഗങ്ങളില്‍ ഇക്കാര്യം ഇപ്പോഴും ചര്‍ച്ചാവിഷയമാണ്. ജയരാജന് എളുപ്പം ജയിക്കാമായിരുന്ന കണ്ണൂര്‍ മണ്ഡലത്തില്‍ സീറ്റ് നല്‍കാതിരുന്നത് എന്തുകൊണ്ടാണെന്ന പ്രവര്‍ത്തകരുടെ ചോദ്യത്തിന് നേതൃത്വത്തിന് കൃത്യമായ ഉത്തരമില്ല. ജില്ലാസെക്രട്ടറി മത്സരിക്കുമ്പോള്‍ താല്‍കാലിക ചുമതല നല്‍കാതെ സ്ഥിരം സെക്രട്ടറിയെ കണ്ണൂരില്‍ അവരോധിച്ചതും ചര്‍ച്ചയാകുന്നുണ്ട്. കോട്ടയത്തും കണ്ണൂരിലും പാര്‍ട്ടിക്ക് രണ്ടു നീതിയാണോയെന്ന ചോദ്യവും അണികള്‍ ഉന്നയിക്കുന്നു.

സിപിഎം സംസ്ഥാന നേതൃത്വം പുരക്കുചാഞ്ഞ മരമായാണോ പി ജയരാജനെ കാണുന്നതെന്ന ചോദ്യങ്ങളെ സാധൂകരിക്കുന്നതാണ് മണ്ഡലത്തില്‍ പോളിറ്റ്ബ്യൂറോ അംഗവും മുഖ്യമന്ത്രിയും കേരളത്തിലെ ഇടതു സ്ഥനാര്‍ഥികളുടെ സ്റ്റാര്‍ കാംപയിനറുമായ പിണറായി പങ്കെടുത്ത യോഗത്തിലെ ജയരാജനെന്ന സ്ഥാനാര്‍ഥിയുടെ അസാന്നിധ്യം. ഇത് വരും ദിവസങ്ങളില്‍ മണ്ഡലത്തില്‍ ഇനിയും ചര്‍ച്ചചെയ്യപ്പെടുമെന്നത് തീര്‍ച്ച

vadakaracpmCPIMpinarayip jayarajanelection 2019
Comments (0)
Add Comment