പിണറായി നടപ്പാക്കുന്നത് മോദി മോഡല്‍: കോഴിക്കോട്ടെ സി.പി.എം പ്രവര്‍ത്തകരുടെ അറസ്റ്റിനും അട്ടപ്പാടിയിലെ മാവോയിസ്റ്റ് വ്യാജ ഏറ്റുമുട്ടലിനും പിന്നില്‍ ആസൂത്രിത തിരക്കഥ

Jaihind News Bureau
Saturday, November 2, 2019

തിരുവനന്തപുരം: അട്ടപ്പാടിയില്‍ നടന്ന മാവോയിസ്റ്റ് വ്യാജ ഏറ്റുമുട്ടലിനും കോഴിക്കോട്ടെ സി.പി.എം പ്രവര്‍ത്തകരുടെ അറസ്റ്റിനും പിന്നില്‍ ആസൂത്രിത തിരക്കഥയെന്ന് സൂചന. വാളയാറില്‍ ദളിത് സഹോദരിമാരെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയ സി.പി.എം പ്രവര്‍ത്തകരെ വിട്ടയച്ച പോക്സോ കോടതി വിധിക്ക് എതിരെ ദേശീയതലത്തില്‍ നിന്നടക്കം ഉയര്‍ന്ന കടുത്ത പ്രതിഷേധം മറികടക്കാനുള്ള തന്ത്രമാണ് മാവോയിസ്റ്റ് വേട്ടയും അറസ്റ്റും.

വാളയാറില്‍ സംഭവിച്ച ക്രൂരമായ മനുഷ്യവകാശ ലംഘനത്തിനെതിരെ സംസ്ഥാന തലത്തില്‍ മാത്രമല്ല ദേശീയതലത്തിലും ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്. ഇതുണ്ടാക്കിയ നാണക്കേടില്‍ നിന്നും പ്രതിഷേധത്തില്‍ നിന്നും ശ്രദ്ധതിരിക്കാന്‍ സര്‍ക്കാര്‍ തിരക്കഥ തയ്യാറാക്കി നടത്തിയ ഒന്നാണ് മാവോയിസ്റ്റ് വേട്ട. ഏറ്റുമുട്ടലില്‍ നാലുപേര്‍ കൊല്ലപ്പെട്ടതോടെ മാധ്യമ ശ്രദ്ധയും പൊതുസമൂഹത്തിന്റെ ശ്രദ്ധയും അതിലേക്ക് വഴിതിരിച്ചുവിടാന്‍ സര്‍ക്കാരിനായി.

കെ.പി.സി.സി പ്രസിഡന്റ് ഇന്ന് വാളയാറിലെ പെണ്‍കുട്ടികളുടെ വീട് സന്ദര്‍ശിക്കാനിരിക്കെയാണ് രാവിലെ രണ്ട് സി.പി.എം പ്രവര്‍ത്തകരെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കോഴിക്കോട് അറസ്റ്റ് ചെയ്ത്. വീണ്ടും വാളയാറിലെ പെണ്‍കുട്ടികളുടെ കാര്യത്തിലുള്ള നീതിനിഷേധം ചര്‍ച്ചകളില്‍ സജീവമാകാതിരിക്കാനും മാധ്യമ ശ്രദ്ധതിരിച്ചുവിടാനും ലക്ഷ്യമിട്ടുള്ളതാണ് ഈ അറസ്‌റ്റെന്നകാര്യം വ്യക്തം. അറസ്റ്റിലായ രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെയും ചുമത്തിയിരിക്കുന്നതാകട്ടെ യു.എ.പി.എയും. കരിനിയമമായ യു.എ.പി.എ പിന്‍വലിക്കണമെന്ന് ആവശ്യപ്പട്ട് തെരുവില്‍ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ സി.പി.എം ഭരിക്കുന്ന സംസ്ഥാനത്താണ് അതേ നിയമം ചുമത്തി രണ്ട് പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തിരിക്കുന്നതെന്നതാണ് വൈരുധ്യം. എന്തായാലും രാവിലെ മുതല്‍ മാധ്യമശ്രദ്ധ മുഴുവന്‍ അറസ്റ്റിലേക്കായി. ഇത് തന്നെയാണ് പിണറായി വിജയനും ആഗ്രഹിച്ചത്. മാവോയിസ്റ്റ് വേട്ടയില്‍ കടുത്ത പ്രതിഷേധവുമായി രംഗത്ത് എത്തിയ സി.പി.ഐ നിലപാടും ഇതുമായി ചേര്‍ത്ത് വായിക്കേണ്ടതാണ്.

ചുരുക്കത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അതേ മാതൃക തന്നെയാണ് കേരളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും പിന്തുടര്‍ന്നിരിക്കുന്നത്. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ നടന്ന വ്യാജ ഏറ്റുമുട്ടലുകള്‍ക്ക് സമാനമായി വേണം അട്ടപ്പാടിയിലെ ഏറ്റുമുട്ടലിനേയും കാണാന്‍. മോദി കേന്ദ്രത്തില്‍ അധികാരത്തില്‍ എത്തിയിട്ടും തുടരുന്നത് ഗുജറാത്ത് മോഡലാണ്. കേന്ദ്രസര്‍ക്കാരിനെതിരെ ജനരോക്ഷവും പ്രതിഷേധവും ഉയരുമ്പോള്‍ അതിര്‍ത്തിയില്‍ ഏറ്റുമുട്ടല്‍ നടത്തിയാണ് മോദി ജനശ്രദ്ധ തിരിക്കുന്നത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ അതിര്‍ത്തിയില്‍ നടന്ന പല ഏറ്റുമുട്ടലുകളുടേയും വിശ്വാസ്യത സംശയത്തിന്റെ നിഴലിലാണ്. മോദിയുടെ ഗുജറാത്ത് മോഡല്‍ ഏറ്റുമുട്ടലാണ് ഇപ്പോള്‍ കേരളത്തില്‍ പിണറായി വിജയനും പയറ്റുന്നത്.അന്ന് ഗുജറാത്തില്‍ മോദിയുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ ഒത്താശയും ചെയ്തു നല്‍കിയ പോലീസ് ഉദ്യോഗസ്ഥാനാണ് ഇപ്പോള്‍ കേരളത്തില്‍ പിണറായിക്കും കൂട്ട്.

ഒരു വിവാദത്തെ മറ്റൊരു വിവാദം കൊണ്ട് മറയ്ക്കുകയെന്ന് പി.ആര്‍ തന്ത്രമാണ് ഇപ്പോള്‍ പിണറായി പയറ്റുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് ശേഷം സര്‍ക്കാരിന്റെ പ്രതിച്ഛായ വര്‍ദ്ധിപ്പിക്കാനായി എ.കെ.ജി സെന്റര്‍ കേന്ദ്രീകരിച്ച് ഒരു ക്രൈസിസ് മാനേജ്മെന്റ് ടീം തന്നെ പിണറായി വിജയന്‍ നിയമിച്ചിരുന്നു. ഇവരാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം.