ശ്രീറാം കേസില്‍ പോലീസിന് വീഴ്ചപറ്റിയെന്ന് സമ്മതിച്ച് മുഖ്യമന്ത്രി

Jaihind News Bureau
Wednesday, August 7, 2019

ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച വാഹനം ഇടിച്ച് മാധ്യമ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത് സംബന്ധിച്ച കേസ് അന്വേഷണത്തില്‍ വീഴ്ച സംഭവിച്ചുവെന്ന് സമ്മതിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കൃത്യസമയത്ത് വൈദ്യ പരിശോധനയും രക്തപരിശോധയും നടത്തുന്നതിലും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിലും വീഴ്ച വന്നിട്ടുണ്ടെന്നും ഇക്കാര്യങ്ങള്‍ പ്രത്യേക സംഘം അന്വേഷിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കേസ് അട്ടിമറിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വാഹനാപകടത്തില്‍ മരിച്ച മാധ്യമ പ്രവര്‍ത്തകന്‍റെ കുടുംബം സഹായം അര്‍ഹിക്കുന്നുണ്ടെന്നും കേസുമായി ബന്ധപ്പെട്ട് മാധ്യമ പ്രവര്‍ത്തകരുടെ നിവേദനം സര്‍ക്കാര്‍ പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരുടെ ജോലിയുടെ സ്വഭാവം പരിഗണിച്ച് പരിരക്ഷ ഉറപ്പാക്കാനുള്ള ഇന്‍ഷുറന്‍സ് പദ്ധതിയെക്കുറിച്ച് സര്‍ക്കാര്‍ ആലോചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.