ഉദ്ഘാടനം ആദ്യം… സ്വാഗതം പിന്നീട്…. മാറിനില്‍ക്കങ്ങോട്ട്…. സ്വാഗതപ്രാസംഗികയുടെ മൈക്ക് വാങ്ങി മുഖ്യന്‍റെ ഉദ്ഘാടനപ്രസംഗം

Jaihind News Bureau
Saturday, February 22, 2020

മുഖ്യമന്ത്രിയുടെ പരിപാടികളില്‍ സ്വാഗതപ്രാസംഗികർക്കും അവതാരകർക്കും പണികിട്ടുക പതിവായിരിക്കുന്നു. മലയാണ്‍മ 2020 ന്‍റെ സ്വാഗതപ്രാസംഗികയായ മലയാള മിഷൻ ഡയക്ടര്‍ പ്രൊഫ. സുജ സൂസൻ ജോര്‍ജ്ജിനാണ് ഇന്ന് മുഖ്യമന്ത്രിയുടെ നടപടിയില്‍ അപഹാസ്യയാകേണ്ടി വന്നത്. സ്വാഗത പ്രാസംഗിക പ്രസംഗം പകുതിയാക്കും മുൻപ് ഇടക്ക് കയറി ഇടപെട്ട് ഉദ്ഘാടനം നടത്തുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് അയ്യങ്കാളി ഹാളിൽ മലയാള മിഷന്‍റെ ആഭിമുഖ്യത്തിൽ നടക്കുന്ന ത്രിദിന പരിപാടിയായ മലയാണ്‍മ 2020 എന്ന പരിപാടിക്കിടെയായിരുന്നു സംഭവം. രണ്ട് മണിക്ക് എത്തുമെന്ന് അറിയിച്ചിരുന്ന മുഖ്യമന്ത്രി പതിവിന് വിപരീതമായി ഒരു മണിക്കൂര്‍ വൈകിയാണ് എത്തിയത്.

മുഖ്യമന്ത്രി എത്തിയതിന് പിന്നാലെ മലയാള മിഷൻ ഡയക്ടര്‍ പ്രൊഫ. സുജ സൂസൻ ജോര്‍ജ്ജ് സ്വാഗത പ്രസംഗം തുടങ്ങി. മാതൃഭാഷാ ദിനത്തിന്‍റെ ചരിത്രം ചുരുക്കി വിവരിച്ച സുജ സൂസൻ പ്രസംഗം തുടരുന്നതിനിടെ മുഖ്യമന്ത്രി എഴുന്നേറ്റു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ അടക്കം വേദിയിലുണ്ടായിരുന്നവരും എഴുന്നേൽക്കുന്നതിനിടെ മുഖ്യമന്ത്രി മൈക്കിനടുത്തേക്ക് നടന്നു. വേദിയും സദസ്സും സ്വാഗത പ്രാസംഗികയും ഒരു പോലെ അമ്പരപ്പിലായി. സമയം പാഴാക്കാതെ മൈക്ക് ഏറ്റെടുത്ത് മുഖ്യമന്ത്രി സ്വാഗതമൊക്കെ പിന്നെ പറയാമെന്ന് പ്രഖ്യാപിച്ച് ഉദ്ഘാടന പ്രസംഗത്തിലേക്ക് കടന്നു. മൂന്ന് മണിക്ക് മറ്റൊരു പരിപാടി ഉണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി മിനിറ്റുകൾക്ക് അകം പ്രസംഗം അവസാനിപ്പിച്ച് സ്ഥലം വിടുകയായിരുന്നു.