14 വയസുകാരിയുടെ കൊലപാതകം; മാതാപിതാക്കള്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണം, പിണറായി ആഭ്യന്തരവകുപ്പ് ഒഴിയണം: പദ്മജ വേണുഗോപാല്‍

Jaihind Webdesk
Thursday, January 20, 2022

തിരുവനന്തപുരം : നിരന്തരമായി ഉണ്ടാകുന്ന ഗുരുതര വീഴ്ചകളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് പിണറായി വിജയന്‍ ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന് കെപിസിസി വൈസ് പ്രസിഡന്‍റ് പദ്മജ വേണുഗോപാല്‍‍. കോവളത്തെ പതിനാലുകാരിയുടെ കൊലപാതകത്തില്‍ മാതാപിതാക്കളെ പ്രതിസ്ഥാനത്തുനിര്‍ത്തിയ പോലീസുകാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് പദ്മജ ആവശ്യപ്പെട്ടു. കോട്ടയത്ത് 19 കാരനെ കൊന്ന് പോലീസ് സ്റ്റേഷനിൽ കൊണ്ടിട്ട കുറ്റത്തിന് സമാനമാണ് കോവളത്തെ പോലീസ് നടപടി. മകള്‍ നഷ്ടപ്പെട്ട ദുഃഖത്തിന് പുറമെ പോലീസ് നടപടിയിലൂടെ പ്രതിയാക്കപ്പെട്ട ദൈന്യതയും അനുഭവിക്കേണ്ടിവന്ന മാതാപിതാക്കള്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നും ചികിത്സാ ചെലവ് ഏറ്റെടുക്കാന്‍ തയാറാകണമെന്നും പദ്മജ വേണുഗോപാല്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം:

പിണറായി വിജയൻ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുമ്പോൾ പോലീസ് വീഴ്ചകളുടെ പരമ്പരയാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നത്…
കോവളത്ത് 14വയസ്സുള്ള വളർത്തുമകൾ കൊല്ലപ്പെട്ടപ്പോൾ, ആ കൊലപാതകത്തിലെ പ്രതികളായി സ്വന്തം മാതാപിതാക്കളെ പോലീസ് കണ്ടെത്തി… വേണ്ടത്ര അന്വേഷണം നടത്താതെ ഭീഷണിയിലൂടെ ആ മാതാപിതാക്കളെ പോലീസ് കുറ്റം സമ്മതിപ്പിക്കുകയായിരുന്നു.. ആ പെൺകുട്ടിയെ കൊന്ന യഥാർത്ഥ പ്രതികൾ അയൽപക്കത്തുള്ള അമ്മയും മകനും ആയിരുന്നു.. ഒരു വർഷത്തിൽപരമാണ് ആ മാതാപിതാക്കൾ സമൂഹത്തിനു മുൻപിൽ അപമാനം ഏറ്റ് മകളുടെ കൊലക്കേസ് പ്രതികളായി ചിത്രീകരിക്കപ്പെട്ടത്..
മാതാപിതാക്കളെ പ്രതികളായി ചിത്രീകരിച്ച കുറ്റവാളികളായ പോലീസുകാരെ ശിക്ഷിക്കണം.. മകളുടെ ഘാതകർ ആയി പോലീസ്മൂലം അപമാനിക്കപ്പെട്ട മാതാപിതാക്കൾക്ക് സർക്കാർ നഷ്ടപരിഹാരം നൽകണം ..
കോട്ടയത്ത് 19 കാരനെ കൊന്ന് പോലീസ് സ്റ്റേഷനിൽ കൊണ്ട് ജഡം ഇട്ട കുറ്റവാളികൾ ചെയ്ത കുറ്റത്തിന് തുല്യം തന്നെയാണ്, മകളുടെ കൊലപാതകികൾ ആയി സ്വന്തം മാതാപിതാക്കളെ ഭീഷണിയിലൂടെ പ്രതികളാക്കിയ പൊലീസ് നടപടിയും.. ക്യാൻസർ രോഗിയായ കഴിയുന്ന മാതാവിന്റെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കണം..
പ്രതിപക്ഷത്ത് ആയിരുന്നപ്പോൾ പോലീസ് വീഴ്ചകളുടെ പേരിൽ അന്നത്തെ UDF സർക്കാരുകളെ കുറ്റപ്പെടുത്തിയിരുന്ന പിണറായി വിജയൻ, ഇന്ന് താൻ ആഭ്യന്തരം കൈകാര്യം ചെയ്യുമ്പോൾ ഉണ്ടാകുന്ന നിരന്തരം ആയ പോലീസ് വീഴ്ചകളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ആഭ്യന്തരവകുപ്പ് എങ്കിലും ഒഴിഞ്ഞു നൽകുക…
പദ്മജ വേണുഗോപാൽ