വനിതാമതില്‍: വി.എസിനെ മുഖ്യമന്ത്രി കേള്‍ക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

ഹിന്ദുത്വവാദികളുടെ ആചാരം പകര്‍ത്തലല്ല വര്‍ഗസമരമെന്ന വി.എസ് അച്യുതാനന്ദന്‍റെ പ്രസ്താവന അതീവഗൗരവമേറിയതെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

സി.പി.എം കമ്യൂണിസ്റ്റ് ആശയങ്ങളില്‍ നിന്ന് എത്രത്തോളം അകന്നുവെന്ന് വ്യക്തമാക്കുന്നതാണിത്. നവോത്ഥാന ആശയങ്ങള്‍ക്ക് കടകവിരുദ്ധ നിലപാടാണ് സി.പി.എമ്മും മുഖ്യമന്ത്രി പിണറായി വിജയനും സ്വീകരിക്കുന്നത്. വര്‍ഗീയ ശക്തികള്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നവരും തീവ്രഹിന്ദുത്വ മുഖങ്ങളുമാണ് സര്‍ക്കാര്‍ ചെലവില്‍ സംഘടിപ്പിക്കുന്ന വനിതാമതിലിന്‍റെ മുന്‍നിരയില്‍.

ജാതി ചിന്തകള്‍ക്കെതിരെ പോരാടിയ നവോത്ഥാന നായകരായ ശ്രീനാരായണ ഗുരുവിനേയും ചട്ടമ്പി സ്വാമികളേയും അയ്യങ്കാളിയേയും മറന്നുള്ള പ്രവര്‍ത്തനമാണ് സംസ്ഥാന സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. വോട്ട്ബാങ്ക് രാഷ്ട്രീയത്തിന്‍റെ പേരില്‍ ജാതിസംഘടനകളെ സി.പി.എമ്മിന്‍റെ കുടക്കീഴില്‍ കൊണ്ടുവരാനുള്ള സംഘടിതനീക്കമാണ് വനിതാ മതിലെന്ന ആശയത്തിന് പിന്നില്‍. ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത ജാതിരാഷ്ട്രീയത്തിന്‍റെ തണലില്‍ സി.പി.എമ്മിന് മുന്നോട്ടുപോകാന്‍ കഴിയില്ലെന്ന സത്യം യഥാര്‍ഥ കമ്യൂണിസ്റ്റുകാര്‍ തിരിച്ചറിയണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

women wallv.s achuthanandanmullappally ramachandran
Comments (0)
Add Comment