‘വിദ്വേഷ വിഷം ചീറ്റല്‍ കാണാതെ പോകുന്നു’, ബിജെപിക്കാരുടെ വര്‍ഗീയ പ്രസംഗങ്ങളില്‍ പെറ്റിക്കേസുപോലും എടുക്കാത്ത പിണറായി പോലീസ്; രൂക്ഷ വിമര്‍ശനവുമായി ജനയുഗം

തിരുവനന്തപുരം: കേന്ദ്ര മന്ത്രി സുരേഷ് ഗോപി വഖഫ് ബോര്‍ഡിനെതിരെ പേരുപറയാതെ നടത്തിയ വിദ്വേഷ പരാമര്‍ശത്തില്‍ പോലീസ് കേസെടുക്കാത്തതില്‍ രൂക്ഷ വിമര്‍ശനവുമായി സിപിഐ മുഖപത്രം ജനയുഗം. ജനയുഗത്തില്‍ പ്രസിദ്ധീകരിച്ച ‘കിരാതന്‍ ഗോപിയും വാവരുസ്വാമിയും’ എന്ന ലേഖനത്തിലാണ് സംസ്ഥാന പോലീസിന് എതിരായ രൂക്ഷ വിമര്‍ശനം. മതസ്പര്‍ദ്ധ ഉണ്ടാക്കുന്ന വിഷയങ്ങളിലെ ബിജെപി നേതാക്കളുടെ പ്രസംഗങ്ങളോട് പോലീസ് മൃദുസമീപനം പുലര്‍ത്തുന്നുവെന്ന പ്രതിപക്ഷ ആക്ഷേപം ശക്തമായി നില്‍ക്കുന്നതിനിടയിലാണ് ഭരണപക്ഷ പത്രത്തിന്റെ കുറ്റപ്പെടുത്തല്‍.

“ഗോപിയുടെ സഹസംഘിയായ ബി ഗോപാലകൃഷ്ണനും കുറച്ചില്ല. ശബരിമലയില്‍ വാവര്‍ എന്ന ചങ്ങായി പതിനെട്ടാം പടിക്ക് താഴെ ഇരിപ്പുണ്ട്. അയാള്‍ നാളെ ശബരിമലയെ വഖഫ് ആയി പ്രഖ്യാപിച്ചാല്‍ അയ്യപ്പനും കുടിയിറങ്ങേണ്ടി വരില്ലേ? വേളാങ്കണ്ണി മാതാവിന്റെ ദേവാലയം വഖഫ് ആയി പ്രഖ്യാപിച്ചാല്‍ ക്രിസ്ത്യാനികള്‍ക്ക് വേളാങ്കണ്ണി ദര്‍ശനമല്ലേ നിഷേധിക്കപ്പെടുക എന്നിങ്ങനെ മത സ്പര്‍ദ്ധ ഉണ്ടാക്കുന്ന പ്രസ്തവ നകള്‍ നടത്തിയ ഈ രണ്ട് മഹാന്മാര്‍ക്കെതിരെ പോലീസ് ഒരു പെറ്റിക്കേസ് പോലും എടുത്തില്ല”. ജനയുഗം കൂറ്റപ്പെടുത്തുന്നു.

ഇത് ആദ്യമായിട്ടല്ല മുഖ്യമന്ത്രി പിണറായി വിജയനെയും സംസ്ഥാന ഭരണത്തെയും ജനയുഗം കടന്നാക്രമിക്കുന്നത്. തൃശൂര്‍ പൂരം കലക്കിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കാത്തതിലും ജനയുഗം വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു.

Comments (0)
Add Comment