മന്ത്രിസഭാ പുനഃസംഘടന വൈകും; അന്തിമ തീരുമാനമെടുക്കാന്‍ വൈകാതെ എല്‍ഡിഎഫ് യോഗം


സംസ്ഥാന മന്ത്രിസഭാ പുനഃസംഘടന വൈകും. ഡിസംബര്‍ 24ന് നവകേരള സദസ് പൂര്‍ത്തിയായ ശേഷമായിരിക്കും മന്ത്രിസഭാ പുനസംഘടന നടത്തുന്നത്. അന്തിമ തീരുമാനം എടുക്കാന്‍ വൈകാതെ ഇടതുമുന്നണി യോഗം ചേരും. രണ്ടര വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ മന്ത്രിസഭ പുനസംഘടന നടത്തും എന്നാണ് ഇടതുമുന്നണിയിലെ ധാരണ. അടുത്തമാസം 20നാണ് രണ്ടര വര്‍ഷം പൂര്‍ത്തിയാകുന്നത്. എന്നാല്‍ പതിനെട്ടിന് നവ കേരള സദസ്് തുടങ്ങുന്ന സാഹചര്യത്തിലാണ് മന്ത്രിസഭാ പുനസംഘടന വൈകിപ്പിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജനപിന്തുണ വീണ്ടെടുക്കാന്‍ ഉദ്ദേശിച്ചാണ് മന്ത്രിസഭ ഒന്നാകെ ജനങ്ങളിലേക്ക് എത്തുന്ന നവകേരള സദസ് നടത്തുന്നത്. 18ന് കാസര്‍ഗോഡ് ജില്ലയിലെ പൈവളിഗെയിലാണ് തുടക്കം. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ ഉദ്ദേശിച്ച് നടത്തുന്ന പരിപാടിക്ക് ഇടയില്‍ മന്ത്രിമാരെ മാറ്റുന്നത് ഗുണം ചെയ്യില്ല എന്നാണ് സിപിഎമ്മിലെ വിലയിരുത്തല്‍. ഇത് അനാവശ്യ ചര്‍ച്ചകള്‍ക്കും ഇടയാക്കിയേക്കാം. നവകേരളയാത്ര തുടങ്ങുന്നതിന് മുമ്പ് മന്ത്രിസഭാ പുനഃസംഘടന നടത്താനുമാകില്ല. അതിനാല്‍ നവകേരള സദസ്സ് പൂര്‍ത്തിയാക്കുന്നതിനു പിന്നാലെ മന്ത്രിസഭാ പുനസംഘടന നടത്തിയാല്‍ മതി എന്നാണ് സിപിഎം നേതൃത്വത്തിലെ ധാരണ. ആന്റണി രാജുവിനും അഹമ്മദ് ദേവര്‍കോവിലിനും പകരം ഇടതുമുന്നണിയിലെ ധാരണയനുസരിച്ച് കെബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനുമാണ് മന്ത്രിമാരാകേണ്ടത്. ഗണേഷ് മന്ത്രിയാകുന്നതിനോട് ഇടതുമുന്നണിയ്ക്കകത്തും സിപിഎമ്മിനുളളിലും വലിയതോതിലുളള വിയോജിപ്പുണ്ട്.

Comments (0)
Add Comment