നവകേരള സദസിന് സഹകരണ സ്ഥാപനങ്ങളും ഫണ്ട് നല്‍കണം; പിരിവെടുത്ത് പിഴിയാന്‍ സര്‍ക്കാരും സിപിഎമ്മും

Jaihind Webdesk
Wednesday, November 8, 2023


മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന നവകേരള സദസിന്റെ സംഘാടനത്തിന് പണം കണ്ടെത്താന്‍ സഹകരണ സ്ഥാപനങ്ങളുടെ വിഹിതം കൂടി പിടിച്ചു വാങ്ങാന്‍ സര്‍ക്കാര്‍ നീക്കം. നവകേരള സദസിന്റെ നടത്തിപ്പിനായി സഹകരണ സ്ഥാപനങ്ങള്‍ക്ക് ഫണ്ട് നല്‍കാമെന്ന ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ ഇറക്കി. പണം നല്‍കാന്‍ ഉത്തരവില്‍ നിര്‍ബന്ധം പറയുന്നില്ലെങ്കില്‍ പോലും അതത് ജില്ലകളിലുളള ജോയിന്റ് രജിസ്ട്രാര്‍മാരുടെ നിര്‍ബന്ധത്തിന് എല്ലാവരും വഴങ്ങേണ്ടിവരുമെന്നും സഹകാരികള്‍ പറയുന്നു. പണം നല്‍കാന്‍ ഏതെങ്കിലും സഹകരണ സംഘങ്ങള്‍ തയാറായില്ലെങ്കില്‍ സംസ്ഥാന സഹകരണവകുപ്പിന്റെയും ജോയിന്റ് രജിസ്ട്രാര്‍ അടക്കമുളള ഉദ്യോഗസ്ഥരുടേയും അപ്രീതിക്ക് പാത്രമാവും. സിപിഎം നിയന്ത്രണത്തിലുളള സംഘങ്ങള്‍ കൂടുതല്‍ തുക കൊടുക്കുബോള്‍ കടക്കെണിയിലുളള മറ്റു സംഘങ്ങള്‍ പോലും കുറഞ്ഞത് പതിനായിരം രൂപയെങ്കിലും ഫണ്ട് നല്‍കേണ്ടി വരും. സഹകരണ വകുപ്പിന് കൂടി താല്‍പര്യമുളളതുകൊണ്ട് എത്ര പിരിവു കൊടുത്താലും ഓഡിറ്റ് ഒബ്ജക്ഷനുമുണ്ടാവില്ല. ചുരുക്കിപ്പറഞ്ഞാല്‍ നവകേരള സദസിന് സംഭാവന നല്‍കാതെ മുന്നോട്ടുപോവുക സഹകരണ സ്ഥാനപങ്ങള്‍ക്ക് പ്രയാസമാകും.