രണ്ടാം വാർഷികത്തിന്‍റെ അധിക ചെലവ് കൊവിഡ് കാലത്ത് പാസാക്കി പിണറായി സർക്കാർ; മുഖ്യമന്ത്രിയുടെ കത്തിന് മാത്രം അധികം ചെലവാക്കിയത് രണ്ട് കോടിയിലേറെ

Jaihind News Bureau
Tuesday, June 2, 2020

 

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെ രണ്ടാം വാർഷികാഘോഷത്തിന്‍റെ പരസ്യത്തിനായി അധികം ചെലവഴിക്കേണ്ടിവന്ന നാല് കോടിയോളം രൂപ കൊവിഡ് കാലത്ത് പാസാക്കാൻ നീക്കം. 3.96 കോടി രൂപ അധികം ചെലവായതായി പി.ആർ.ഡി അറിയിച്ചതിന്‍റെ അടിസ്ഥാനത്തിൽ സർക്കാർ ഇതു സംബന്ധിച്ച ഉത്തരവിറക്കി.

എൽ.ഡി.എഫ് സർക്കാരിന്‍റെ രണ്ടാം വാർഷികാഘോഷവുമായി ബന്ധപ്പെട്ട് ഇലക്ട്രോണിക് മീഡിയയിൽ ഉൾപ്പെടെ പരസ്യം ചെയ്യുന്നതിനായി 16.1 കോടി രൂപയാണ് എസ്റ്റിമേറ്റ് തുകയായി അനുവദിച്ചിരുന്നത്. എന്നാൽ വിവിധ വിഭാഗങ്ങളിലായി പരസ്യം ചെയ്തതിൽ 3.96 കോടി രൂപ അധികം ചെലവായതായി പി.ആർ.ഡി അറിയിക്കുകയായിരുന്നു.

സർക്കാരിന്‍റെ നേട്ടങ്ങളെക്കുറിച്ചുള്ള മലയാള പുസ്തകത്തിന് എസ്റ്റിമേറ്റ് ചെയ്ത തുകയിൽ നിന്ന് 13 ലക്ഷത്തോളം രൂപ അധികം ആയതായാണ് പി.ആർ.ഡിയുടെ കണക്ക്. സ്‌പെഷ്യൽ ഫോൾഡറിനായി ഏകദേശം ഒരു കോടിയോളം രൂപയും ഡോക്യുമെന്‍ററി നിർമാണത്തിനായി 17 ലക്ഷത്തി അറുപതിനായിരം രൂപയും അധികം ചെലവായതായി പി.ആർ.ഡി അറിയിക്കുന്നു. മുഖ്യമന്ത്രിയുടെ കത്തിന് വേണ്ടി ചെലവഴിച്ചതാണ് ഏറെ വിചിത്രം. എസ്റ്റിമേറ്റ് ചെയ്ത തുകയിൽ നിന്ന് രണ്ട് കോടി നാല് ലക്ഷത്തി മുപ്പത്തേഴായിരത്തി തൊള്ളായിരത്തി എഴുപത്തിനാല് രൂപയാണ് കത്തിനായി അധികമായിരിക്കുന്നത്. അഞ്ച് ലക്ഷം രൂപ എസ്റ്റിമേറ്റ് ചെയ്തിടത്താണ് രണ്ട് കോടിയിലേറെ രൂപ ചെലവായതെന്നാണ് ശ്രദ്ധേയം.

ഇത്തരത്തില്‍ 3.96 കോടി രൂപ അധികം ചെലവായതായി പി.ആര്‍.ഡി അറിയിച്ചതിനെ തുടർന്ന് അത് സാധൂകരിച്ച് 2020 മെയ് 29 ന് സര്‍ക്കാര്‍ ഉത്തരവിറക്കുകയായിരുന്നു. ഇതിന് പിന്നാലെ ട്രഷറിയിൽ നിന്ന് 3. 96 കോടി മാറ്റിയെടുക്കാനുളള നടപടിയും ആരംഭിച്ചിട്ടുണ്ട്. കൊവിഡില്‍ ദുരിതം അനുഭവിക്കുന്ന ജനങ്ങള്‍ക്ക് നേരിട്ട് സഹായം എത്തിക്കുന്നതിന് സാമ്പത്തിക ഞെരുക്കം ഉള്‍പ്പെടെ വിവിധ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്ന സർക്കാർ, പക്ഷെ അനാവശ്യ ചെലവുകളും ധൂർത്തും അവസാനിപ്പിക്കാന്‍ തയാറാകുന്നില്ലെന്നതാണ് വിചിത്രം.