മുൻ എം.പി എ സമ്പത്തിന് പിന്നാലെ അഡ്വക്കേറ്റ് ജനറൽ സി.പി സുധാകർ പ്രസാദിനും ക്യാബിനറ്റ് പദവി നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതോടെ മന്ത്രിമാർക്കു പുറമേ ക്യാബിനറ്റ് പദവി ലഭിച്ചവരുടെ എണ്ണം അഞ്ചായി. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലാണ് ഒരു ക്യാബിനറ്റ് പദവി കൂടി സർക്കാർ സൃഷ്ടിച്ചിരിക്കുന്നത്.
എ സമ്പത്തിനെ ക്യാബിനറ്റ് പദവിയോടെ ഡൽഹിയിൽ സംസ്ഥാന സർക്കാർ പ്രതിനിധിയായി നിയമിച്ചതിന് പിന്നാലെയാണിപ്പോള്‍ എ.ജി സി.പി സുധാകര പ്രസാദിനും ക്യാബിനറ്റ് പദവി നൽകാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. നിയമവകുപ്പിന്‍റെ ശുപാർശ പരിഗണിച്ചാണ് നടപടി. രണ്ടുമാസം മുമ്പ് ഇത്തരത്തിലുള്ള ഒരു നിർദേശം ഉയർന്നുവന്നെങ്കിലും വിവിധകോണുകളിൽനിന്നുള്ള എതിർപ്പിനെ തുടർന്ന് ഉപേക്ഷിക്കുകയായിരുന്നു.കഴിഞ്ഞ മന്ത്രിസഭാ യോഗത്തിന്‍റെ അജണ്ടയിലും ഈ വിഷയം ഉൾപ്പെടുത്തിയിരുന്നു. എന്നാൽ പ്രളയ സഹായ പ്രഖ്യാപനത്തിനിടെ ഇത്തരം തീരുമാനമെടുത്താൽ അത് വിവാദമാകുമെന്നതിനാൽ അന്നും തീരുമാനമെടുത്തിരുന്നില്ല. ഇതിന് പിന്നാലെയാണ് ഇന്നത്തെ മന്ത്രിസഭാ യോഗം എ.ജിക്ക് ക്യാബിനറ്റ് പദവി നൽകാനുള്ള സുപ്രധാനം തീരുമാനം കൈക്കൊണ്ടത്. ഇതോടെ മന്ത്രിമാർക്ക് പുറമെ ക്യാബിനറ്റ് പദവി ലഭിക്കുന്നവരുടെ എണ്ണം അഞ്ചായി.
ഭരണപരിഷ്കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ് അച്യുതാനന്ദന്‍, ഡല്‍ഹിയിലെ സർക്കാർ പ്രതിനിധി എ സമ്പത്ത്, മുന്നാക്കവികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ള, ചീഫ് വിപ്പ് കെ രാജന്‍ എന്നിവര്‍ക്കാണ് നിലവില്‍ ക്യാബിനറ്റ് റാങ്ക് പദവിയുള്ളത്.
അഡ്വക്കറ്റ് ജനറലിന്‍റേത് ഭരണഘടനാ പദവിയാണെന്നും നിയമകാര്യങ്ങളില്‍ മുഖ്യമന്ത്രിയേയും സര്‍ക്കാരിനേയും ഉപദേശിക്കുന്ന നിര്‍ണായക പദവിയെന്ന നിലയില്‍ പ്രോട്ടോകോള്‍ പാലിക്കാന്‍ ക്യാബിനറ്റ് പദവി ആവശ്യമാണെന്നുമാണ് നിയമവകുപ്പ് നല്‍കുന്ന വിശദീകരണം. ക്യാബിനറ്റ് പദവി സാങ്കേതികം മാത്രമാണെന്നും സർക്കാർ വിശദീകരിക്കുന്നുണ്ട്. ഭരണഘടനാ പദവി വഹിക്കുന്നതിനാൽ സുധാകരപ്രസാദിന് ഇപ്പോൾത്തന്നെ സവിശേഷ അധികാരങ്ങളുണ്ട്. ഇതിനു പുറമേയാണ് എ.ജിക്ക് ക്യാബിനറ്റ് പദവി നൽകുന്നത്. എ വേലപ്പൻ നായരെ മുഖ്യമന്ത്രിയുടെ ലെയ്സൺ ഓഫീസറായി നിയമിച്ചതിൽ സി.പി സുധാകര പ്രസാദ് അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഇതാണ് അദ്ദേഹത്തിന് ക്യാബിനറ്റ് പദവി നൽകാൻ കാരണമെന്നാണ് സൂചന.