സംസ്ഥാനം വൻ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും പിണറായി സർക്കാരിന്‍റെ ധൂർത്ത് തുടരുന്നു

Jaihind Webdesk
Friday, June 28, 2019

സംസ്ഥാനം വൻ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും പിണറായി സർക്കാരിന്‍റെ ധൂർത്ത് തുടരുന്നു. സർക്കാരിന്‍റെ  ഒന്നാം വാർഷികത്തിൽ കുട്ടികൾക്കായി നെയിം സ്ലിപ്പും കത്തും അച്ചടിച്ച വകയിൽ ചെലവായ ഒരു കോടി അമ്പത് ലക്ഷം രൂപ അനുവദിച്ചുള്ള ഉത്തരവ് സർക്കാർ ഇറക്കിയത്.

മുഖ്യമന്ത്രിയുടെ സാമൂഹിക പ്രചാരണങ്ങൾക്കായി ഒരു കോടി പത്ത് ലക്ഷം രൂപ അനുവദിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഓദ്യോഗിക വെബ്‌സൈറ്റിന്‍റെയും സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെയും 2019-2020 വർഷത്തെ പരിപാലനത്തിനായി ഒരു കോടി പത്ത് ലക്ഷത്തി ഇരുപത്തിയാറായിരം രൂപയാണ് അനുവദിച്ചത്. ഇത് സംബന്ധിച്ചുള്ള ഉത്തരവ് കഴിഞ്ഞ തിങ്കളാഴ്ച പുറത്തിറങ്ങി. സി-ഡിറ്റ് ആവശ്യ പ്രകാരം ജീവനക്കാർക്കായി എൺപത് ലക്ഷം, ലൈവ് സ്ട്രീമിങ്ങിനായി അഞ്ചര ലക്ഷം, നെറ്റ്‌വർക്ക്, ഇന്‍റർനെറ്റ് അടക്കമുള്ള ആവശ്യങ്ങൾക്കായി ഏഴര ലക്ഷം എന്നിങ്ങനെയാണ് അനുവദിച്ചത്.

ഇതിന് പിന്നാലെയാണ് മന്ത്രിസഭയുടെ വാർഷികം പ്രമാണിച്ച് സ്‌കൂൾ വിദ്യാർത്ഥികൾക്ക് നെയിം സ്ലിപ്പുകളും കത്തുകളും വിതരണം ചെയ്ത വകയിൽ ഒരു കോടി അമ്പതി രണ്ട് ലക്ഷം രൂപ അനുവദിച്ചത്. രണ്ട് കോടി നെയിം സ്ലിപ്പുകളും 40 ലക്ഷം കത്തുകളുമാണ് ഒന്നാം വാർഷികമായ 2017ൽ അച്ചടിച്ചത്. നെയിം സ്ലിപ്പുകൾ അടിച്ച വകയിൽ ഒരു കോടി എട്ട് ലക്ഷം രൂപയും കത്തുകൾക്കായി 46 ലക്ഷം രൂപയും ചെലവായെന്നാണ് കേരള ബുക്‌സ് ആന്‍റ് പ്ലബിക്കേഷൻസ് സൊസൈറ്റി സമർപ്പിച്ച കണക്ക്. ഈ അച്ചടിക്കൂലി അനുവദിച്ച് കഴിഞ്ഞ വെള്ളിയാഴ്ച ഉത്തരവിറങ്ങി. പിആർഡി ഫണ്ടിൽ നിന്നാണ് തുക അനുവദിച്ചത്. സാമ്പത്തിക പ്രതിസന്ധിയിൽ സംസ്ഥാനം നട്ടംതിരിയുമ്പോഴാണ് സർക്കാർ പ്രചാരണങ്ങൾക്കായി ലക്ഷങ്ങൾ അനുവദിക്കുന്നത്.