പിണറായിക്ക് കമ്മീഷന്‍ വാങ്ങുന്നതില്‍ ഡോക്ടറേറ്റ്; കെ റെയില്‍ ആക്രിക്കച്ചവടമെന്ന് കെ സുധാകരന്‍ എംപി

Jaihind Webdesk
Sunday, January 9, 2022

കൊച്ചി : വിവാദ കെ റെയിൽ പദ്ധതിക്കെതിരെ  ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ട് പോകാൻ കോൺഗ്രസ്. പദ്ധതിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് കോൺഗ്രസ് പൊതുജനങ്ങൾക്കിടയിൽ ശക്തമായ പ്രചാരണ പരിപാടി നടത്തും. വിദഗ്ദരെയും ഇതിനായി രംഗത്തിറക്കാന്‍ തീരുമാനിച്ചതായി കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി പറഞ്ഞു. അപാകതകളില്ലെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തിയാൽ കെ റെയിൽ പദ്ധതി ഇരുകൈയും നീട്ടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രി പിണറായി വിജയന് കമ്മീഷൻ വാങ്ങുന്നതിൽ ഡോക്ടറേറ്റുണ്ടെന്ന് കെപിസിസി അധ്യക്ഷൻ പരിഹസിച്ചു. ലാവലിൻ കാലം മുതൽ തുടങ്ങിയതാണ് പിണറായിയുടെ കമ്മീഷൻ വാങ്ങൽ എന്നും കെ റെയിൽ പദ്ധതിയിൽ അത് ആവർത്തിക്കുകയാണെന്നും കെ സുധാകരൻ എംപി ആരോപിച്ചു. കെ റെയിൽ ആക്രിക്കച്ചവടമാണെന്നും കെപിസിസി പ്രസിഡന്‍റ് പരിഹസിച്ചു.

ഉമ്മൻ ചാണ്ടി സർക്കാർ പദ്ധതി വേണ്ടെന്നുവച്ചത് ഇതേപ്പറ്റി പഠിച്ചശേഷമാണ്. പദ്ധതിക്ക് റെയിൽവേ അനുമതി നൽകിയെന്നു പറയുന്നത് വസ്തുതയല്ല. എന്തു രേഖകൾ വെച്ചാണ് കെ-റെയിൽ നല്ലതാണെന്ന്‌ മുഖ്യമന്ത്രി പറയുന്നതെന്നറിയില്ല. കവളപ്പാറയിലെ ജനങ്ങളെ പുനരധിവസിപ്പിക്കാൻ ഇപ്പോഴും കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പദ്ധതിയുടെ ദുരന്ത ഫലങ്ങൾ ചൂണ്ടിക്കാട്ടി കോൺഗ്രസ് പ്രവർത്തകർ വീടുകളും സന്ദർശിച്ച് ലഘുലേഖകൾ വിതരണം ചെയ്യും. പദ്ധതിക്കെതിരെ താഴെത്തട്ടിൽ ജനങ്ങളെ ബോധവൽക്കരിക്കുക, പരിസ്ഥിതി പ്രവർത്തകരും പ്രകൃതിസ്നേഹികളും സാമൂഹിക പ്രവർത്തകരും ഉൾപ്പെടെയുള്ളവരുമായി സംവാദങ്ങൾ സംഘടിപ്പിക്കുക തുടങ്ങി വിപുലമായ അവബോധന പരിപാടികളാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.