മുഖ്യമന്ത്രിയും കൂട്ടരും ജപ്പാന്‍ വഴി കൊറിയയിലേക്ക്; ചിലവ് സര്‍ക്കാര്‍വക; ഇതിന് മുമ്പുള്ള യാത്രകളൊക്കെയും പരാജയം

തിരുവനന്തപുരം: വിദേശത്തുനിന്നും പ്രവാസികളില്‍ നിന്നും നിക്ഷേപം സ്വീകരിക്കാന്‍ യാത്ര ചെയ്യുന്ന മുഖ്യമന്ത്രിക്കും കൂട്ടര്‍ക്കും ഇതുവരെ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാന്‍ ആയിട്ടില്ലെന്നതാണ് വസ്തുത. അതിന് പിന്നാലെയാണ് മുഖ്യമന്ത്രി പിണറായി വിജയനും സംഘവും വിദേശയാത്രയ്ക്ക് ഒരുങ്ങുന്നത്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലാണ് ഈ യാത്രകള്‍. മുഖ്യമന്ത്രിക്കു പുറമേ മന്ത്രിമാരായ ഇ.പി.ജയരാജന്‍, എ.കെ.ശശീന്ദ്രന്‍, ചീഫ് സെക്രട്ടറി ടോം ജോസ്, ആസൂത്രണ ബോര്‍ഡ് അംഗം ഡോ.വി.കെ.രാമചന്ദ്രന്‍ എന്നിവരും സംഘത്തിലുണ്ടാകും. നവംബര്‍ 20 മുതല്‍ ഡിസംബര്‍ 4 വരെയാണ് സന്ദര്‍ശനം.

അതേസമയം ഇതിന് മുമ്പ് പ്രളയ ദുരിതാശ്വാസത്തിന് സഹായം തേടി മുഖ്യമന്ത്രി പിണറായി വിജയനും സംഘവും നടത്തിയ ഗള്‍ഫ് യാത്ര പരാജയമായിരുന്നു. ഇക്കാര്യം സഭയില്‍ സമ്മതിക്കുകയും ചെയ്തിരുന്നു. 4.23 ലക്ഷം രൂപ യാത്രയ്ക്കായി ചെലവഴിച്ചപ്പോള്‍ അവിടെ നിന്നുള്ള സംഭാവനയായി ഒന്നും ലഭിച്ചില്ലെന്ന മറുപടിയാണ് മുഖ്യമന്ത്രി നിയമസഭയില്‍ നല്‍കിയിട്ടുള്ളത്. ഇതിന് ശേഷമാണ് ഇപ്പോള്‍ ജപ്പാനിലേക്കും കൊറിയയിലേക്കുള്ള യാത്ര.
പ്രതിപക്ഷത്തു നിന്നും വി.ടി ബല്‍റാമിന്റെ ചോദ്യത്തിന് ഉത്തരമായാണ് പ്രളയ ദുരിതാശ്വാസത്തിന് സഹായം തേടിയുള്ള ഗള്‍ഫ് യാത്ര പരാജയമായെന്ന് മുഖ്യമന്ത്രി തുറന്നു സമ്മതിച്ചിരുന്നത്. മുഖ്യമന്ത്രിയും നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.കെ.ഇളങ്കോവനും പരിവാരങ്ങളും ഗള്‍ഫ് യാത്ര നടത്തിയതിന് വിമാനയാത്രാക്കൂലി ഇനത്തില്‍ 3,72,731 രൂപയും ഡി.എ ഇനത്തില്‍ 51,960 രൂപയും ചെലവായതായാണ് മറുപടിയിലുള്ളത്.

ഇതു പ്രകാരം ആകെ 4,24,691 രൂപയാണ് സര്‍ക്കാര്‍ ചിലവഴിച്ചത്. അതേസമയം, പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട് വിദേശ രാജ്യങ്ങളില്‍ നിന്ന് സഹായം ലഭിച്ചിട്ടില്ലെന്ന് സി.എഫ്. തോമസ്, പി.ജെ. ജോസഫ്, മോന്‍സ് ജോസഫ്, ഡോ. എന്‍. ജയരാജ് എന്നിവരുടെ മറ്റൊരു ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി നല്‍കിയതോടെയാണ് യാത്ര പരാജയമായെന്ന ചിത്രം വ്യക്തമായത്.

Comments (0)
Add Comment