‘കോണ്‍ഗ്രസിന്‍റെ മാർഗം അഹിംസയാണ്, അക്രമമല്ല ; ആയുധം താഴെവെക്കാന്‍ പിണറായിയും കോടിയേരിയും അണികള്‍ക്ക് നിർദേശം നല്‍കണം’ : മുല്ലപ്പള്ളി രാമചന്ദ്രന്‍ | Video

Jaihind News Bureau
Thursday, September 3, 2020

 

തിരുവനന്തപുരം : രണ്ട് സംഘങ്ങൾ തമ്മിൽ വർഷങ്ങളായുള്ള കുടിപ്പകയുടെ അന്ത്യമാണ് വെഞ്ഞാറമൂട് കൊലപാതകമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. അഴിമതിയിൽ മുങ്ങിത്താഴുന്ന സർക്കാരിന് വീണുകിട്ടിയ അവസരമായാണ് വെഞ്ഞാറമൂട് കൊലപാതകത്തെ സി.പി.എം കാണുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് അക്രമരാഷ്ട്രീയത്തെ അംഗീകരിക്കുന്ന പാർട്ടിയല്ലെന്നും അഹിംസയാണ് കോണ്‍ഗ്രസിന്‍റെ മാർഗമെന്നും അദ്ദേഹം വ്യക്തമാക്കി. ആയുധം താഴെവെക്കാന്‍ പിണറായിയും കോടിയേരിയും അണികള്‍ക്ക് നിർദേശം നല്‍കണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു. സി.പി.എം നടത്തുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്നും സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കണം എന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നടത്തുന്ന സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്‍.

കോണ്‍ഗ്രസ് അക്രമരാഷ്ട്രീയത്തെ അംഗീകരിക്കുന്ന പാർട്ടിയല്ല. അഹിംസയാണ് കോണ്‍ഗ്രസ് ഉയർത്തിപ്പിടിക്കുന്ന തത്വം. രാഷ്ട്രീയ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണേണ്ടത് സമാധാനപരമായ മാർഗത്തിലൂടെയാണ്. വെഞ്ഞാറമൂട് കൊലപാതകത്തെ പൂർണമായും വിമർശിക്കുന്നു. സി.പി.എം നേതാക്കള്‍ ഓരോ ദിവസവും പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തുന്നതിനെ ശക്തമായി അപലപിക്കുന്നതായും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.  കോടിയേരി എറണാകുളത്ത് നടത്തിയ പ്രസ്താവനയിലൂടെ പെരിയ കൊലപാതകം സി.പി.എമ്മാണ് ചെയ്തത് എന്നത് സമ്മതിക്കുകയാണ് ചെയ്തതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ചൂണ്ടിക്കാട്ടി.

വെഞ്ഞാറമൂട് കൊലപാതകം രാഷ്ട്രീയപ്രേരിതമല്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥനും ഡി.ഐ.ജി സഞ്ജയ് കുമാർ ഗുരുദിനും എല്ലാം വ്യക്തമാക്കിയത്. പിന്നീട് അന്വേഷണച്ചുമതല റൂറല്‍ എസ്.പിയെ ബി അശോകനെ ഏല്‍പ്പിച്ചപ്പോഴാണ് കേസിന്‍റെ ഗതി ആകെ മാറ്റിയത്. കളങ്കിതനായ ഉദ്യോഗസ്ഥനാണ് അശോകൻ. അന്വേഷണ ഉദ്യോഗസ്ഥനായ ബി അശോകൻ പല തവണ സർക്കാർ നടപടി നേരിട്ടിട്ടുണ്ട്. പിണറായി സർക്കാർ വന്നതിന് ശേഷമാണ് അശോകന് ഐ.പി.എസ് കണ്‍ഫർ ചെയ്ത് ഉത്തരവായത്. സ്വഭാവദൂഷ്യമുള്ള ഒരാൾക്ക് എങ്ങനെ ഐ.പി.എസ് നല്‍കാന്‍ ശുപാർശ ചെയ്തു എന്നത് അന്വേഷിക്കണം. ഇ.കെ നായനാരുടെ കാലത്ത് പോലും നടപടി നേരിട്ടിട്ടുണ്ട്. ഇത്തരമൊരു ഉദ്യോഗസ്ഥന്‍റെ ഉപയോഗിച്ച് കേരളീയ പൊതുസമൂഹത്തെ കബളിപ്പിക്കാനാവില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനുമാണ് കേരളത്തിലെ രാഷ്ട്രീയ കൊലപാതകത്തിന്‍റെ തുടക്കക്കാർ. കൊലപാതക രാഷ്ട്രീയവും അക്രമങ്ങളും അവസാനിപ്പിക്കാന്‍ സി.പി.എമ്മിന് മാത്രമേ കഴിയൂ. കോണ്‍ഗ്രസിന്‍റെ മാർഗം അക്രമരാഷ്ട്രീയമല്ല. ആയുധം താഴെവെക്കാന്‍ സി.പി.എം അണികള്‍ക്ക് നിർദേശം നല്‍കാന്‍ കഴിഞ്ഞാല്‍ നാളെമുതല്‍ സംസ്ഥാനത്ത് രാഷ്ട്രീയ കൊലപാതകങ്ങള്‍ ഉണ്ടാവില്ല. മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്ണനും അക്രമം അവസാനിപ്പിക്കാന്‍ നിർദേശം നല്‍കണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു.