‘പിണറായി ജീവിക്കുന്നത് ബിജെപി സഹായത്തില്‍, ഇല്ലെങ്കില്‍ എന്നേ ജയിലില്‍ പോകുമായിരുന്നു’; ഒരു കോണ്‍ഗ്രസുകാരനും ഗോള്‍വാള്‍ക്കറുടെ മുന്നില്‍ തലകുനിക്കേണ്ട ആവശ്യമില്ലെന്നും കെപിസിസി അധ്യക്ഷന്‍


കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എംപി.
പിണറായി ജീവിക്കുന്നത് ബിജെപിയുടെ സഹായത്തിലാണ്. ഇല്ലെങ്കില്‍ എന്നേ ജയിലില്‍ പോകുമായിരുന്നുവെന്ന് കെ സുധാകരന്‍ പരിഹസിച്ചു. പിണറായി വിജയന് അഭിമാനമില്ല. സ്വന്തം പോരായ്മ മറച്ചുവെക്കാന്‍ വായില്‍ തോന്നിയത് പറയരുത്. ഒരു കോണ്‍ഗ്രസുകാരനും ഗോള്‍വാള്‍ക്കറുടെ മുന്നില്‍ തലകുനിക്കേണ്ട ആവശ്യമില്ലെന്ന് പറഞ്ഞ സുധാകരന്‍, സിപിഎം ആര്‍ എസ് എസിന് വിധേയരാണെന്നും വിമര്‍ശിച്ചു.

തലശേരി കലാപത്തിന്റെ ഉത്തരവാദി സിപിഎമ്മാണ്. എന്നിട്ടും അവര്‍ പാഠം പഠിച്ചില്ല. മുഖ്യമന്ത്രിയെ സിപിഎമ്മിനും മടുത്തു. കണ്ണൂരില്‍ അതൃപ്തിയുണ്ടെന്നും കെ സുധാകരന്‍ ആരോപിപ്പിച്ചു. മുഖ്യമന്ത്രിക്ക് സത്യം പറയനാകില്ല. കളവ് പറഞ്ഞാണ് വളര്‍ന്നതെന്നും കെ സുധാകരന്‍ വിമര്‍ശിച്ചു.

അന്നും ഇന്നും പിണറായി വിജയനെ എനിക്കറിയാം. ബ്രണ്ണന്‍ കോളേജില്‍ പഠിക്കുമ്പോള്‍ തന്നെ ഏകാധിപതിയായിരുന്നു. തലശേരി കലാപത്തിന്റെ തുടക്കക്കാരന്‍ പിണറായി വിജയനാണ്. കോടാനു കോടി സമ്പത്ത് ഉണ്ടാക്കിയ മുഖ്യമന്ത്രി കേരളത്തില്‍ വേറെ ഇല്ല. ലാവലിന്‍ കേസ് എടുത്താല്‍ പിണറായി അകത്തുപോകുമെന്ന് കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. എല്ലാ തരത്തിലും ബിജെപിയുടെ വിധേയനായി പിണറായി മാറിയെന്നും കുടുംബത്തെ രക്ഷിക്കാനും ഭാര്യയ്ക്കും മക്കള്‍ക്കും പണമുണ്ടാക്കാനും ഭരണത്തെ ദുരുപയോഗം ചെയ്‌തെന്നും കെപിസിസി പ്രസിഡന്റ് വിമര്‍ശിച്ചു.

Comments (0)
Add Comment