‘പിണറായി സർക്കാരിന് ആശയ വ്യതിചലനം’; രൂക്ഷ വിമർശനവുമായി ഘടകകക്ഷിയായ എല്‍ജെഡി

 

തൃശൂർ: ഇടത് സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങളും വിമർശനങ്ങളുമായി ഘടക കക്ഷിയായ എൽജെഡി.
തൃശൂരിൽ നടന്ന പഠന ക്യാമ്പിൽ അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയത്തിലാണ് വിമർശനം. പിണറായി സർക്കാർ ഇടത്- സോഷ്യലിസ്റ്റ് ആശയങ്ങളിൽ നിന്ന് വ്യതിചലിക്കുന്നുവെന്ന് പ്രമേയം ആരോപിക്കുന്നു. സിപിഐ, മാധ്യമങ്ങളിൽ മാത്രമുള്ള പാർട്ടിയാണെന്ന പരിഹാസവും പ്രമേയത്തിലുണ്ട്.

ഈ മാസം 2, 3, 4 തീയതികളിലായി അതിരപ്പിള്ളിയിൽ എൽജെഡിയുടെ തൃശൂർ ജില്ലാ പഠന ക്യാമ്പ് നടന്നിരുന്നു. ഈ ക്യാമ്പിൽ സംഘടനാ ചുമതലയുള്ള സെക്രട്ടറി വിൻസെന്‍റ് പുത്തൂർ അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയത്തിലാണ് വിമർശനങ്ങൾ. എം.വി ശ്രേയാംസ്കുമാർ അടക്കമുള്ള മുതിർന്ന നേതാക്കൾ പങ്കെടുത്ത ക്യാമ്പിലായിരുന്നു വിമർശനം. പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള സർക്കാർ ഇടതുപക്ഷ സോഷ്യലിസ്റ്റ് ആശയങ്ങളിൽ നിന്നും പിറകോട്ട് പോകുന്നതായി സംശയിക്കുന്നുവെന്ന് പ്രമേയം കുറ്റപ്പെടുത്തുന്നു. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട പ്രശ്നം, കെ റെയിൽ സർവേ തുടങ്ങിയവയിൽ സർക്കാരിന് വീഴ്ചയുണ്ടായി. സർക്കാർ കൊണ്ടുവരുന്ന പദ്ധതികൾ വലിയൊരു വിഭാഗം ജനങ്ങളെ ജീവിതത്തിന്‍റെ പുറമ്പോക്കുകളിലേക്ക് തള്ളിവിടുന്നു എന്നാണ് വിലയിരുത്തൽ. ഇടതുമുന്നണിയിലെ മറ്റ് ഘടക കക്ഷികളെ രാഷ്ട്രീയ പ്രമേയത്തിൽ പരിഹസിക്കുന്നു.
മാധ്യമങ്ങളിൽ മാത്രമുള്ള പാർട്ടിയെന്നാണ് സിപിഐയെ കുറിച്ചുള്ള പരിഹാസം.

കേരള കോൺഗ്രസ് എം, ബാലകൃഷ്ണപിള്ള, സ്കറിയ വിഭാഗം, ജനാധിപത്യ കേരള കോൺഗ്രസുകളും, കോൺഗ്രസ് അവശിഷ്ടങ്ങളായ എൻസിപിയും, കോൺഗ്രസ് എസും മുസ്‌ലിം ലീഗിന്‍റെ ജൂനിയർ രൂപമായ ഐഎൻഎല്ലും ഇടതുപക്ഷ ചേരിക്ക് രാഷ്ട്രീയ സംഭാവന നൽകുന്ന പാർട്ടികളല്ല. യുഡിഎഫിൽ നിൽക്കുന്ന ആർഎസ്പിയെ ഇടതു മുന്നണിയിലേക്ക് സ്വാഗതം ചെയ്യണം എന്നു പറഞ്ഞാണ് പ്രമേയം അവസാനിപ്പിക്കുന്നത്.

Comments (0)
Add Comment