പത്തനംതിട്ട: ശബരിമലയില്‍ തീർഥാടകരുടെ ശക്തമായ തിരക്ക്. ആയിരക്കണക്കിന് ഭക്തന്മാരാണ് സന്നിധാനത്ത് ദര്‍ശനത്തിന് എത്തിയിരിക്കുന്നത്. ഈ തിരക്ക് നിയന്ത്രിക്കാന്‍ പോലും പോലീസ് സംവിധാനമില്ലാത്ത അവസ്ഥയാണിപ്പോള്‍. പതിനെട്ടാംപടി കയറാനുള്ള നിര ശരംകുത്തി വരെ നീണ്ടു. 6 മണിക്കൂർ കാത്തു നിന്നാണ് അയ്യപ്പന്മാർ ദർശനം നടത്തുന്നത്. അതേസമയം കുടിവെള്ളമില്ലാതെ വലയുകയാണ് ഭക്തര്‍.
മാസപൂജാ സമയത്ത് ആദ്യമായാണ് ഇത്രയും തിരക്ക് അനുഭവപ്പെടുന്നത്. തിരക്കു നിയന്ത്രിക്കാൻ മതിയായ പോലീസ് സംവിധാനമില്ല. 170 പോലീസുകാരാണ് ആകെയുള്ളത്. മിനിറ്റിൽ 85 മുതൽ 90 പേരെ വരെ പതിനെട്ടാംപടി കയറ്റിയാലേ തിരക്കു കുറയ്ക്കാൻ കഴിയൂ. ഒരു മിനിറ്റിൽ പരമാവധി 50 മുതൽ 52 പേർ വരെയാണ് പടികയറുന്നത്.
മാത്രമല്ല നടപ്പന്തലിൽ ക്യൂ പാലിക്കാതെ പതിനെട്ടാംപടിക്കു താഴെ ബാരിക്കേഡിനു പുറത്ത് തിക്കും തിരക്കും കൂട്ടുന്നവരും ഏറെയാണ്. വാവരു നട, അഴിയുടെ ഭാഗം, മഹാ കാണിക്ക എന്നിവിടങ്ങളിലാണ് നിയന്ത്രണമില്ലാതെ തിക്കും തിരക്കും കൂട്ടുന്നത്. പതിനെട്ടാംപടി കയറാൻ മണിക്കൂറുകൾ കാത്തു നിൽക്കുന്ന തീർഥാടകർക്ക് ചുക്കു വെള്ളം കൊടുക്കാൻ വലിയ നടപ്പന്തലിൽ മാത്രമാണ് ദേവസ്വം ബോർഡ് ക്രമീകരണം ചെയ്തിട്ടുള്ളത്. സന്നിധാനത്തിലെ ശബരി ഗസ്റ്റ് ഹൗസ്, സ്റ്റാഫ് ക്വാർട്ടേഴ്സ്, പിൽഗ്രീം സെന്‍ററുകൾ എന്നിവയിൽ തീർഥാടന അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ സന്നിധാനത്ത് താമസ സൗകര്യവും കുറവാണ്.