പി മോഹനനെയും പാര്‍ട്ടിയെയും വെട്ടിലാക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു

Jaihind News Bureau
Tuesday, November 19, 2019

മാവോയിസ്റ്റ് ബന്ധമുള്ള സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റിലായ കേസില്‍ മുസ്‍ലിം സംഘടനകള്‍ക്കെതിരെ ആരോപണമുന്നയിച്ച സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനനെയും പാര്‍ട്ടിയെയും വെട്ടിലാക്കി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചിത്രം.

പന്തീരാങ്കാവില്‍ നിന്ന് യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത അലന്‍ ഷുഹൈബിനൊപ്പം വേദി പങ്കിടുന്നത് സാക്ഷാല്‍ ജില്ലാ സെക്രട്ടറി മോഹനന്‍ തന്നെ. മാത്രമല്ല, പി മോഹനന്‍റെ പ്രസ്താവനയ്ക്ക് പിന്തുണയുമായെത്തിയ ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ സെക്രട്ടറി പി.എ മുഹമ്മദ് റിയാസും വേദിയില്‍ ഒപ്പമുണ്ടെന്നത് ചിത്രത്തില്‍ പകല്‍ പോലെ വ്യക്തം.

മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നത് ഇസ്ലാമിക തീവ്രവാദികളാണെന്നും മാവോയിസ്റ്റുകളുമായി ഇവർ ചങ്ങാത്തത്തിലാണെന്നുമായിരുന്നു പി മോഹനന്‍റെ വിവാദ പ്രസ്താവന. ഇതിനെ മുഹമ്മദ് റിയാസും പിന്താങ്ങിയിരുന്നു.

എന്നാല്‍ മാവോയിസമെന്നത് കമ്യൂണിസ്റ്റ് തീവ്രവാദം തന്നെയെന്ന് അടിവരയിടുന്നതാണ് മാവോവാദിയെന്ന് മുദ്ര കുത്തി അറസ്റ്റ് ചെയ്ത അലന്‍ ഷുഹൈബിനൊപ്പം ഇരുവരും നില്‍ക്കുന്ന ചിത്രം വ്യക്തമാക്കുന്നതെന്ന് സമൂഹമാധ്യമങ്ങളില്‍ ചർച്ചകള്‍ കൊഴുക്കുന്നു. മാവോയിസ്റ്റുകളുടെ അഭയ കേന്ദ്രമായി മാറിയ സി.പി.എം സ്വന്തം പ്രതിസന്ധി മറച്ചുവെക്കാനാണ് ആരോപണം ഉന്നയിക്കുന്നതെന്ന് ചിത്രം സാക്ഷ്യപ്പെടുത്തുന്നു. സി.പി.എമ്മിന്‍റെ കാപട്യം വെളിച്ചത്താക്കുന്നതാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്ന ഈ ചിത്രങ്ങള്‍.