പെട്ടിമുടി ദുരന്തം: കാണാതായവരുടെ മരണ സർട്ടിഫിക്കറ്റ് നൽകുന്നില്ല; സർക്കാർ പ്രഖ്യാപനം പാഴ്വാക്കാകുന്നു

Jaihind Webdesk
Thursday, May 19, 2022

ഇടുക്കി: പെട്ടിമുടി ദുരന്തത്തിൽ ഇരകളായവർക്ക് നല്‍കിയ സർക്കാർ ഉറപ്പുകള്‍ പാഴ്വാക്കാകുന്നു. കാണാതായവരെ മരിച്ചതായി കണക്കാക്കി സഹായങ്ങൾ ലഭ്യമാക്കുമെന്നായിരുന്നു സർക്കാർ പ്രഖ്യാപനമാണ് പ്രഹസനമായി മാറുന്നത്. കാണാതായവരുടെ മരണ സർട്ടിഫിക്കറ്റ് അധികൃതർ നൽകുന്നില്ലെന്ന് ബന്ധുക്കള്‍ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ്.

2020 ഓഗസ്റ്റ് ആറിനാണ് പെട്ടിമുടിയിൽ ഉരുൾ പൊട്ടി 66 പേർ മരിക്കുകയും നാല് പേരെ കാണാതാവുകയും ചെയ്തത്. പതിനേഴ് ദിവസത്തെ തിരച്ചിലിനു ശേഷം കാണാതായവരെ മരിച്ചതായി കണക്കാക്കി വിജ്ഞാപനമിറക്കുമെന്നായിരുന്നു സർക്കാർ നിലപാട്. എന്നാൽ നാളിതു വരെയായിട്ടും ഇവരുടെ മരണസർട്ടിഫിക്കറ്റ് നൽകിയില്ലെന്നാണ് ബന്ധുക്കളുടെ പരാതി. മൂന്നാർ എം.ജി.കോളനി സ്വദേശി ഷൺമുഖനാഥന്‍റെ മകൻ ദിനേശ് കുമാർ, പെട്ടിമുടി സ്വദേശിനി കസ്തൂരി, മകൾ പ്രിയദർശിനി,

കാർത്തിക എന്നിവരെയാണ് ഇതുവരെയും കണ്ടെത്താനാകാത്തത്. ഷൺമുഖനാഥന്‍റെ മറ്റൊരു മകനും ദുരന്തത്തിൽ മരിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ അഞ്ച് ലക്ഷവും കേന്ദ്ര സർക്കാർ രണ്ട് ലക്ഷവും തമിഴ്നാട് സർക്കാർ മൂന്ന് ലക്ഷവും ധനസഹായം പ്രഖ്യാപിച്ചിരുന്നു. നിയമ പ്രശ്നങ്ങളുന്നയിച്ച് ഉദ്യോഗസ്ഥർ കയ്യൊഴിയുന്ന സാഹചര്യത്തിൽ സർക്കാർ ഇടപെടലുണ്ടാകണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.