രാജ്യത്ത് ഇന്ധന വിലയില്‍ തുടർച്ചയായി മൂന്നാം ദിവസവും വർധന ; കൊവിഡില്‍ വലയുന്ന ജനങ്ങള്‍ക്ക് ഇരുട്ടടി

Jaihind Webdesk
Thursday, May 6, 2021

രാജ്യത്ത് ഇന്ധന വില വീണ്ടും വർദ്ധിപ്പിച്ചു. തുടർച്ചയായി മൂന്നാം ദിവസമാണ് വില ഉയർത്തുന്നത്. ഇന്ന് പെട്രോള്‍ ലിറ്ററിന് 25 പൈസയും ഡീസല്‍ ലിറ്ററിന് 32 പൈസയുമാണ് വർദ്ധിച്ചത്. കൊച്ചിയില്‍ പെട്രോള്‍ വില 91 രൂപ 9 പൈസയായി . ഡീസലിന് 85 രൂപ 81 പൈസയാണ് നിരക്ക്. തിരുവനന്തപുരത്ത് പെട്രോള്‍ വില ലീറ്ററിന് 92 രൂപ 97 പൈസയും , ഡീസലിന് 87 രൂപ 57 പൈസയുമായി വര്‍ധിച്ചു.

കൊവിഡ് വ്യാപനത്തില്‍ വലയുന്ന ജനങ്ങളെ ഇന്ധനവില വർദ്ധന വീണ്ടും പ്രതിസന്ധിയിലേക്ക് തള്ളി വിടുന്നു. കേന്ദ്ര സർക്കാരിന്‍റെ ഒത്താശയോടെയാണ് ഇന്ധന കമ്പനികള്‍ നിയന്ത്രണമില്ലാതെ ദിവസേന വില വർദ്ധിപ്പിക്കുന്നത്. വില വർദ്ധനയെ തുടർന്ന് അവശ്യസാധനങ്ങളുടെ വിലയും വരും ദിവസങ്ങളില്‍ ഉയരാനിടയുണ്ട്.

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം ഇന്ധന വില വർദ്ധിച്ചിരുന്നില്ല, എന്നാല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കേന്ദ്ര സർക്കാരും ഇന്ധന കമ്പനികളും ചേർന്ന് വീണ്ടും ജനങ്ങളെ കൊള്ളയടിക്കുകയാണ്. കൃത്യമായ കൊവിഡ് ചികിത്സ ലഭിക്കാതെയും ഓക്സിജന്‍ ലഭിക്കാതെയും ആയിരങ്ങളാണ് രാജ്യത്ത് മരിച്ച് വീണുകൊണ്ടിരിക്കുന്നത്. 18 വയസ്സിന് മുകളിലുള്ളവർക്കുള്ള കൊവിഡ് വീക്സിന് ഇരട്ടി വിലയാണ് ഇന്ത്യയില്‍ സംസ്ഥാനങ്ങളില്‍ നിന്ന് ഈടീക്കുന്നത്. രാജ്യത്ത് സ്ഥിതി അതീവ രൂക്ഷമാകുന്ന ഈ സാഹചര്യത്തിലാണ് കുത്തകകള്‍ ജനങ്ങളെ കൊള്ളയടിക്കുന്നത്.