ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ അവതരിപ്പിച്ച കേന്ദ്ര ബജറ്റിനെതിരെ സുപ്രിം കോടതിയില്‍ പൊതുതാൽപര്യ ഹർജി. ബജറ്റ് അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വ. മനോഹര്‍ ലാല്‍ ശര്‍മയാണ് കോടതിയെ സമീപിച്ചത്. ഇടക്കാല ബജറ്റിന് ഭരണഘടനാ സാധുതയില്ലെന്നും അതിനാല്‍ ബജറ്റ് അസാധുവാക്കണമെന്നും ശര്‍മ ഹർജിയിൽ ആവശ്യപ്പെട്ടു.
ഭരണഘടനാ പ്രകാരം പൂര്‍ണ ബജറ്റും വോട്ട് ഓണ്‍ അക്കൗണ്ടും അവതരിപ്പിക്കാന്‍ മാത്രമേ സാധിക്കൂവെന്നാണ് ശർമ പറയുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ കാലാവധി തീരാനിരിക്കെ സര്‍ക്കാരിന് പൂര്‍ണ ബജറ്റ് അവതരിപ്പിക്കാന്‍ സാധിക്കില്ല. കുറഞ്ഞ കാലത്തേക്കുള്ള ഭരണ ചിലവുകള്‍ക്കായി വോട്ട് ഓണ്‍ അക്കൗണ്ട് അവതരിപ്പിക്കാനേ സാധിക്കൂ.
പൂർണ ബജറ്റ് പുതുതായി തെരഞ്ഞെടുക്കപ്പെടുന്ന സർക്കാരാണ് അവതരിപ്പിക്കേണ്ടത്. അതിനാൽ ഇടക്കാല ബജറ്റ് ഭരണഘടനാനുസൃതമല്ലെന്നും ശര്‍മ ഹർജിയിൽ ചൂണ്ടിക്കാട്ടി. ധനമന്ത്രി അരുൺ ജെയ്റ്റ് ലി അമേരിക്കയിൽ ചികിൽസയിലായതിനാൽ ധനമന്ത്രാലയത്തിന്റെ ചുമതല വഹിക്കുന്ന റെയിൽവേമന്ത്രി പിയൂഷ് ഗോയലാണ് ബജറ്റ് അവതരിപ്പിച്ചത്.